വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍കൊണ്ട് കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാതെ ചാനലുകള്‍ അതെല്ലാം കൃത്യമായി പാലിക്കുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ്മിശ്ര എന്നിവര്‍കൂടി അംഗങ്ങളായ ബെഞ്ച് ചുണ്ടിക്കാട്ടി. ചാനലുകള്‍ക്ക് സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ (എന്‍ബിഡിഎ) വാദം കോടതി തള്ളി.
ചാനലുകളുടെ നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി മുന്‍ജഡ്ജിമാരായ എ കെ സിക്രി, ആര് വി രവീന്ദ്രന് എന്നിവരുടെ അഭിപ്രായങ്ങള്‍ തേടാന്‍ എന്‍ബിഡിഎയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ്ദത്തറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന് ബോംബെ ഹൈക്കോടതിയും നേരത്തെ വിമര്‍ശിച്ചിരുന്നു.
ബോളിവുഡ്താരം സുശാന്ത്സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ‘മാധ്യമവിചാരണ’ ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശം. ചട്ടങ്ങള്‍ ലംഘിക്കുന്ന ചാനലുകള്‍ക്ക് ഒരു ലക്ഷം മാത്രം പിഴ ചുമത്തിയ എന്‍ബിഡിഎ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതിന് എതിരെ എന്‍ബിഡിഎ നല്കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.
തുഛമായ പിഴ മാത്രം ചുമത്തുന്ന നടപടിയില്‍ സുപ്രീംകോടതിയും അതൃപ്തി രേഖപ്പെടുത്തി. 2008ല്‍ തീരുമാനിച്ച പിഴത്തുക ഇപ്പോഴും തുടരുന്നതുകൊണ്ട് കാര്യമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി.