വിദ്വേഷപ്രസംഗങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അത് തടയാന്‍ കര്‍ശന സംവിധാനമുണ്ടാകണമെന്നും സുപ്രീംകോടതി. ഹരിയാനയിലെ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മുസ്ലീംസമുദായത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും പ്രചരണങ്ങളും വ്യാപകമായെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. രാജ്യത്തുടനീളമുള്ള വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്കി.
ബഹിഷ്കരണ ആഹ്വാനങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, എസ് വി ഭട്ടി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ”സമുദായങ്ങള്‍ക്കിടയില്‍ മൈത്രിയും പരസ്പരബഹുമാനവും വേണം. ഈ കാര്യം ഉറപ്പാക്കാന്‍ എല്ലാ സമുദായങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിദ്വേഷപ്രസംഗങ്ങള്‍ എല്ലാരീതിയിലും മോശപ്പെട്ട കാര്യമാണ്. ഒരാള്‍ക്കും അത് അംഗീകരിക്കാന്‍ പറ്റില്ല”- സുപ്രീംകോടതി പറഞ്ഞു.
വിദ്വേഷപ്രസംഗങ്ങളുടെ ഉള്ളടക്കങ്ങളും അതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധിക്കുന്നതിന് ജില്ലകള്‍ തോറും സമിതികള്‍ രൂപീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കാവുന്നതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം സമിതികള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം. അതിന് ശേഷം അതത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരോട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണം- കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിനോട് ഈ നിര്‍ദേശങ്ങളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്കി. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.
വിദ്വേഷപ്രസംഗങ്ങളെ ഒരുകാരണവശാലും അംഗീകരിക്കുന്നില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പ്രതികരിച്ചു. എന്നാല്‍, ചില സ്ഥലങ്ങളില്‍ വിദ്വേഷപ്രസംഗങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. വിദ്വേഷപ്രസംഗങ്ങള്‍ക്ക് എതിരായ പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കാനുള്ള സംവിധാനം വേണ്ടതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഹരിയാനയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പല സ്ഥലങ്ങളിലും തീവ്രഹിന്ദുത്വസംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ മുസ്ലീമുകളെ ബഹിഷ്കരിക്കണമെന്നും അവരെ ജോലിക്ക് നിര്‍ത്തരുതെന്നും മറ്റുമുള്ള ആഹ്വാനങ്ങള്‍ നടക്കുന്നതായി ഹര്‍ജിക്കാരാനായ മാധ്യമപ്രവര്ത്തകന് ഷഹീന്അബ്ദുള്ള പരാതിപ്പെട്ടു. 2018ല്‍ ആള്ക്കൂട്ടഅതിക്രമങ്ങള് തടയാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയമിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്ക് തെളിവുകള്‍ കൈമാറാന്‍ ഹര്ജിക്കാരന് കോടതി നിര്‍ദേശം നല്കി.