ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യദ്രോഹക്കുറ്റത്തിനുള്ള ‘124 എ’ വകുപ്പിന്റെ മൂര്‍ച്ചകൂട്ടുന്ന ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ‘രാജ്യദ്രോഹം’ എന്ന വാക്ക് മാത്രം ഒഴിവാക്കി രാജ്യത്തിനെതിരെയെന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന പരാമര്‍ശം പോലും കുറ്റകരമാക്കുന്ന തരത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി.
രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനത്തില്‍ വന്‍ അഴിച്ചുപണി ലക്ഷ്യമിട്ട് ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍നടപടി ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായുള്ള മൂന്നു ബില്ലാണ് അമിത് ഷാ കൊണ്ടുവന്നത്. രാജ്യദ്രോഹക്കുറ്റമായ ‘124 എ’ വകുപ്പിനുപകരം ബില്ലില്‍ ‘150’ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി. ‘രാജ്യദ്രോഹം’ എന്ന പരാമര്‍ശത്തിന് പകരം ‘ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തല്‍ ‘എന്ന് മാറ്റി.
150-ാം വകുപ്പ് പ്രകാരം ആരെങ്കിലും ബോധപൂര്‍വം എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളാലോ, ചിത്രങ്ങള്‍-ദൃശ്യങ്ങള്‍-ചിഹ്നങ്ങള്‍ എന്നിവയാലോ, ഇലക്ട്രോണിക് ആശയവിനിമയത്താലോ, സാമ്പത്തികമാര്‍ഗങ്ങളാലോ വിഭജനത്തിനോ സായുധകലാപത്തിനോ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കോ ശ്രമിക്കുക, വിഘടനവാദത്തിന് പ്രേരിപ്പിക്കുക, അതല്ലെങ്കില്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും അപകടം വരുത്തുക എന്നീ കുറ്റങ്ങള്‍ ചെയ്താല്‍ ജീവപര്യന്തം തടവ് അതല്ലെങ്കില്‍ പിഴയോടുകൂടി ഏഴുവര്‍ഷംവരെ തടവ് ആണ് ശിക്ഷ.
‘കൊളോണിയല്‍കാല രാജ്യദ്രോഹക്കുറ്റം’ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടുള്ള മോദിസര്‍ക്കാരിന്റെ നടപടി യഥാര്‍ഥത്തില്‍ കൂടുതല്‍ ശക്തമാക്കി രാജ്യദ്രോഹനിയമം പുനരവതരിപ്പിക്കുന്നു. സാമ്പത്തികമാര്‍ഗങ്ങള്‍, വിഘടനവാദത്തിന് പ്രേരിപ്പിക്കല്‍, സര്‍ക്കാരിനെതിരായ അട്ടിമറിനീക്കങ്ങള്‍ എന്നിവയും ഇനി ‘രാജ്യദ്രോഹ’ പരിധിയില്‍വരും.
രാജ്യദ്രോഹം ചുമത്തി കേസെടുക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞവര്‍ഷം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള നിയമത്തിന്റെ സാധുത അവലോകനം ചെയ്യാനും ഭേദഗതികള്‍ കൊണ്ടുവരാനും നിര്‍ദേശിച്ചു. ഇതിന്റെ മറവിലാണ് ‘രാജ്യദ്രോഹം’ എന്ന പദം മാത്രം മാറ്റി എന്നാല്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കി പുതിയ ബില്‍ അവതരിപ്പിച്ചത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വധശിക്ഷ, കൂട്ടബലാത്സംഗത്തിന് 20 വര്‍ഷംവരെ തടവ്, വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധത്തിന് 10 വര്‍ഷം തടവ് എന്നീ ഭേദഗതികളും പുതിയ ബില്ലുകളിലുണ്ട്. ഭാര്യയുമായുള്ള ലൈംഗികബന്ധം, ഭാര്യക്ക് 18 വയസ്സിനു മുകളില്‍ പ്രായമാണെങ്കില്‍ ബലാത്സംഗമായി കണക്കാക്കില്ല എന്നതടക്കം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വിലകല്പിക്കാത്ത നിയമനിര്‍മാണവും ബില്‍ ശുപാര്‍ശ ചെയ്യുന്നു.
പുതിയ നിയമങ്ങള്‍ക്കെല്ലാം ഹിന്ദി പേരുകളും നല്‍കി. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരം ‘ഭാരതീയ ന്യായ സംഹിത’, 1898ലെ ക്രിമിനല്‍ നടപടി ചട്ടത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’, 1872ലെ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ അദിനിയം’ എന്നിങ്ങനെയാണ് പേരു മാറ്റം. മൂന്നു ബില്ലും ആഭ്യന്തരകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
മൂന്ന് ബില്ലുകളിലായി 19 പുതിയ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിനു പകരമായുള്ള ഭാരതീയ ന്യായസംഹിതയില്‍ ഐപിസിയിലെ 22 വകുപ്പുകള്‍ പിന്‍വലിച്ചിട്ടുണ്ട്. 175 വകുപ്പുകളില്‍ ഭേദഗതി നിര്‍ദേശമുണ്ട്. ആകെ 356 വകുപ്പുകളുള്ള ബില്ലില്‍ ഒമ്പത് പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി.
സിആര്‍പിസിക്ക് പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാസംഹിതയില്‍ നിലവിലെ ഒമ്പത് വ്യവസ്ഥകള്‍ പിന്‍വലിച്ചിട്ടുണ്ട്. 107 വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ ഒമ്പത് പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. ആകെ 53 വകുപ്പുകളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. തെളിവുനിയമത്തിനു പകരമായുള്ള ഭാരതീയ സാക്ഷ്യ ബില്ലില്‍ അഞ്ച് വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. 23 വകുപ്പുകളില്‍ ഭേദഗതി നിര്‍ദേശിക്കുന്നു. പുതിയതായി ഒരു വകുപ്പുമാത്രമാണ് ചേര്‍ത്തിട്ടുള്ളത്.
ആകെ 170 വകുപ്പുകള്‍ ബില്ലിലുണ്ട്. സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരുമായും നിയമ സര്‍വകലാശാലകള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുമായും വിപുലമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് ബില്ലുകള്‍ തയ്യാറാക്കിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. നിയമ കമീഷനുകളടക്കം വിവിധ കമ്മിറ്റി നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ട്.