റിലയൻസിൻ്റെ ജിയോ ബുക്ക് വിപണിയിലെത്തിയതിനു പിന്നാലെ സാങ്കേതിക മേഖലയിലെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിൻ്റെ പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്ലറ്റ്, കംപ്യൂട്ടർ, സെർവർ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ. ആഭ്യന്തരോൽപ്പാദനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ഈ മാസം മൂന്നിനാണ് കേന്ദ്ര വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (ഡിജിഎഫ്ടി) ഇറക്കുമതി നിയന്ത്രണം പ്രഖ്യാപിച്ചത്.
റിലയൻസിൻ്റെ ജിയോബുക്ക് (2023) എന്ന പുതിയ ആൻഡ്രോയ്ഡ് അധിഷ്ഠിത ലാപ്ടോപ് പുറത്തിറങ്ങിയതിനു പിന്നാലെയാണിത്. ജൂലൈ മുപ്പത്തൊന്നിനാണ് ജിയോബുക് വിപണിയിലെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ആദ്യ ജിയോബുക് പുറത്തിറങ്ങിയപ്പോൾ തന്നെ ഇത്തരത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് ഇലക്ട്രോണിക്സ് വ്യവസായ, വാണിജ്യ ലോകത്ത് ആശങ്ക ഉയർന്നിരുന്നു. നടപടി ലാപ്ടോപ്പുകളുടെയും ടാബ്ലറ്റുകളുടെയും വില കുത്തനെ ഉയർത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്ത് മുൻനിര ലാപ്ടോപ്പുകളുടെ ഭൂരിഭാ ഗവും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് തടയിടുക എന്ന ലക്ഷ്യംകൂടി കേന്ദ്ര നിയന്ത്രണത്തിനു പുറകിലുണ്ട്.
സ്വകാര്യ ഉപയോ ഗത്തിനോ സമ്മാനം നൽകാനോ വിദേശത്തുനിന്ന് എക്സൈസ് തീരുവ അടച്ച് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണമില്ല. എന്നാൽ, അത് വിൽക്കാനാകില്ല. ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയോ കൊറിയറായോ കൊണ്ടുവരുന്നതിനും ഇളവ് ലഭിക്കും. പരീക്ഷണം, ഗവേഷണ–-വികസനം (ആർ ആൻഡ് ഡി ), കേടുതീർക്കൽ, ഉൽപ്പന്ന വികസനം, മൂല്യനിർണയം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒരുതവണ ഇരുപതിനംവരെ പ്രത്യേകാനുമതിയോടെ കൊണ്ടുവരാം. ആവശ്യം കഴിഞ്ഞാൽ അവ കയറ്റുമതി ചെയ്യുകയോ നശിപ്പിക്കുകയോ വേണം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല.