മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കൂട്ടായി സംസ്കരിക്കുന്നത് മെയ്ത്തീ വിഭാഗക്കാർ എതിർത്തതോടെ മണിപ്പൂർ വീണ്ടും സംഘർഷത്തിലേക്ക്. 35 പേരുടെ മൃതദേഹം സംസ്കരിക്കാൻ ലക്ഷ്യമിട്ടിരുന്ന ബിഷ്ണുപുരിലെ തോർബുങ് ബംഗ്ലായിലേക്ക് മെയ്ത്തീവിഭാഗക്കാർ മാർച്ചുചെയ്തതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇംഫാൽ നഗരത്തിലും ബിഷ്ണുപുർ ജില്ലയിലും ഏറ്റുമുട്ടലുണ്ടായി. ബിഷ്ണുപുരിൽ സുരക്ഷാസേനയും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേറ്റു. ബിഷ്ണുപുരിലെ നരൻസേനയിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ആയുധങ്ങൾ തട്ടിയെടുത്തു. ഇംഫാലിലും മണിപ്പുർ റൈഫിൾസിൻ്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമമുണ്ടായി.
കുക്കി വിഭാഗക്കാർ പദ്ധതിയിട്ട കൂട്ടസംസ്കാര ചടങ്ങ് തടയുമെന്ന് ചില മെയ്ത്തീ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ സംസ്കാരം നിശ്ചയിച്ച തോർബുങ് ബംഗ്ലയിലേക്ക് നീങ്ങാൻ മെയ്ത്തീ വിഭാഗക്കാർ പ്രത്യേകിച്ച്, ‘മെയ്ര പെയ്ബി’ കൂട്ടായ്മയിലെ സ്ത്രീകൾ ശ്രമിച്ചു. സുരക്ഷാസേന ഇത് തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വ്യാഴം രാവിലെ ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളുടെ അതിർത്തി മേഖലകളിൽ പലയിടത്തും വെടിവയ്പുണ്ടായി. സെൻജോം ചിരങ്ങിൽ വെടിവയ്പിൽ ഒരു പോലീസുകാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു.
പടിഞ്ഞാറൻ ഇംഫാലിലും കിഴക്കൻ ഇംഫാലിലും ബിഷ്ണുപുരിലും വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. കർഫ്യൂ പുനഃസ്ഥാപിച്ചു. കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തു. അതേസമയം സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് തൽസ്ഥിതി തുടരാൻ മണിപ്പുർ ഹൈക്കോടതി വ്യാഴം പുലർച്ചെ അഞ്ചിന് ഉത്തരവിട്ടിരുന്നു. മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനുള്ള നീക്കം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ഇത് പരിഗണിച്ച് കൂട്ടസംസ്കാര ചടങ്ങ് അഞ്ച് ദിവസത്തേക്ക് കുക്കി സംഘടനകൾ മാറ്റിവച്ചു.