പാചകവാതകത്തിന് അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്നതായി തുറന്നു സമ്മതിച്ച് കേന്ദ്ര സർക്കാർ. 2018-19 ൽ ഇന്ത്യയിൽ പാചകവാതക വില ഗാർഹിക സിലിണ്ടറിന് 653.5 രൂപയും വ്യാവസായിക സിലിണ്ടറിന് 1176.5 രൂപയും ആയിരുന്നു. 2022-23 ൽ ഇത് ഗാർഹിക സിലിണ്ടറിന് 1103 രൂപയും വ്യാവസായിക സിലിണ്ടറിന് 2028 രൂപയും ആയി വർധിച്ചു. എഴുപത് ശതമാനം വർദ്ധനവ് ആണ് ഇന്ത്യയിൽ പാചകവാതകവിലയിലുണ്ടായത്.
എന്നാൽ അന്തർദേശീയ വിപണിയിൽ ഈ കാലയളവിൽ 35 ശതമാനം മാത്രമാണ് വില വർധിച്ചത്. 2018-19 ൽ അന്തർദേശീയ പാചകവാതക വില ഒരു മെട്രിക് ടണ്ണിന് 526 ഡോളർ ആയിരുന്നു. ഇത് 35 ശതമാനം വർധിച്ച് 2022-23 ൽ 11.5 ഡോളർ ആയി. അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കാൻ മോഡി സർക്കാരിന് മടിയുണ്ടായില്ല.
രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാരിൻ്റെ കൊള്ള വ്യക്തമാക്കുന്നത്. അന്താരാഷ്ട വിപണിയിൽ പാചകവാതക വില വലിയ തോതിൽ കുറഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ വില ഉയരുകയായിരുന്നു. അന്താരാഷ്ടവിപണിയിൽ 2019-20ൽ പാചകവാതകവില 453.75 ഡോളർ ആയി കുറഞ്ഞു. എന്നാൽ അതേ വർഷം ഇന്ത്യയിൽ ഗാർഹിക സിലിൻഡറിന് 653 രൂപയിൽ നിന്ന് 744 ആയി വർധിച്ചു. വ്യാവസായിക സിലിണ്ടർ 1176 രൂപയിൽ നിന്നും 1285 രൂപയായി.
അന്താരാഷ്ട്രവില വൻതോതിൽ ഇടിഞ്ഞ് 415.17 ഡോളറിലേക്ക് കൂപ്പ് കുത്തിയ 2020-21 ലും, ഇന്ത്യയിൽ പാചകവാതകവില 809 രൂപയും 1641രൂപയും ആയി ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോഴും ഇന്ത്യയിൽ വില കൂട്ടുകയാണുണ്ടായത്. അന്താരാഷ്ട്ര മാർക്കറ്റിൽ വില കൂടിയാൽ, അതിൻ്റെ ഇരട്ടിയോളം ആഭ്യന്തര മാർക്കറ്റിൽ കൂട്ടുക എന്നതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്ന മോഡി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.