മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളും സ്ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്ത്രീകളെയും 18 വയസ്സിനു താഴെയുള്ള 2,51,430 പെൺകുട്ടികളെയുമാണ് കാണാതായത്. 2019നും 2021നും ഇടയിലെ കണക്കാണിത്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ കണക്കുകൾ.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ പേരെ കാണാതായത്. 1,60,180 സ്ത്രീകളെയും 38,234 പെൺകുട്ടികളെയും കാണാതായി. 1,56,905 സ്ത്രീകളെയും 36,606 പെൺകുട്ടികളെയും കാണാതായ പശ്ചിമ ബംഗാളാണ് പട്ടികയിൽ രണ്ടാമത്. മഹാരാഷ്ട്രയിൽ1, 78, 400 സ്ത്രീകളെയും 13,033 പെൺകുട്ടികളെയും കാണാതായി. ഇതുൾപ്പെടെ ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2019 – 21 കാലയളവിൽ 61,054 സ്ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായി. ജമ്മു കാശ്മീരിൽ 8,617 സ്ത്രീകളെയും 1,148 പെൺകുട്ടികളെയും കാണാതായി. നരേന്ദ്ര മോദി ഭരണത്തിൽ സ്ത്രീകൾ നേരിടുന്ന ഗുരുതരമായ അരക്ഷിതാവസ്ഥയിലേക്കാണ് ഈ കണക്കുകൾ വെളിച്ചം വീശുന്നത്.