രാജ്യത്ത് ബാലവേലയ്ക്കും മറ്റുമായി ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത് യുപി, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെന്ന് പഠനറിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷനും ഗെയിംസ് 24×7 നും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കുട്ടികൾ ഏറ്റവും കൂടുതൽ കടത്തപ്പെടുന്നത് യുപിയിലാണെന്ന കണ്ടെത്തൽ. കോവിഡിന് ശേഷം യുപിയിൽ കുട്ടികളുടെ കടത്തിൽ വലിയ വർധനവുണ്ടായി. 2016–-19 കാലയളവിൽ 267 കുട്ടികളാണ് സംസ്ഥാനത്ത് കടത്തപ്പെട്ടതെങ്കിൽ 2021–-22 കാലയളവിൽ 1214 കുട്ടികൾ കടത്തപ്പെട്ടു.
തലസ്ഥാനമായ ഡൽഹിയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ 68 ശതമാനം വർധനവ് വന്നതായി റിപ്പോർട്ട് പറയുന്നു. പതിനെട്ട് വയസ്സിൽ താഴെ പ്രായക്കാരിൽ 13,549 പേരെ ബാലവേലയിൽ നിന്നും മറ്റുമായി മുക്തരാക്കാൻ കഴിഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെടുന്നവരിൽ 13 ശതമാനവും ഒമ്പത് മുതൽ 12 വയസ് വരെയുള്ളവരാണ്. ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുട്ടികളിൽ 15.6 ശതമാനം ഹോട്ടലുകളിലും ദാബകളിലുമാണ് തൊഴിൽ ചെയ്യുന്നത്. ഓട്ടോമൊബൈൽ മേഖലയിൽ 13 ശതമാനവും ഗാർമെന്റ് മേഖലയിൽ 11.18 ശതമാനവും പേർ തൊഴിലെടുക്കുന്നു. കോസ്മെറ്റിക് മേഖലയിൽ തൊഴിലെടുക്കുന്ന കുട്ടികളിൽ അഞ്ച് മുതൽ എട്ടുവയസ്സുവരെ പ്രായക്കാരുണ്ട്.