ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ (I.N.D.I.A)യാണ് അവിശ്വാസം പ്രമേയം കൊണ്ടുവരുവാൻ ശ്രമിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിൻ്റെ (ഇന്ത്യ) ഭാഗമായ പാർട്ടികളുടെ യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.
വർഗീയ കലാപത്തിൽ സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം അംഗീകരിക്കാതായതോടെയാണ് നീക്കം. മോദിയെ കൊണ്ട് ഈ വിഷയത്തിൽ സംസാരിപ്പിക്കുവാൻ അവിശ്വാസപ്രമേയത്തിന് സാധിക്കുമെന്ന് പ്രതിപക്ഷം പറയുന്നു. അതേസമയം പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാൽ ഇന്ന് ലോക്സഭ 2 മണി വരെ പിരിഞ്ഞു.
2003 ന് ശേഷമുള്ള പാർലമെന്റിലെ ആദ്യ അവിശ്വാസ പ്രമേയമാകും ഇത്. ലോക്സഭയിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ചർച്ചയ്ക്കിടെ മണിപ്പൂർ വിഷയം ഉന്നയിക്കാനുമാണ് പ്രതിപക്ഷ സഖ്യമായ ‘I.N.D.I.A’യുടെ തീരുമാനം. മണിപ്പൂരിൽ 83 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി പാർലമെന്റിൽ സമഗ്രമായ പ്രസ്താവന നടത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു. ലോക്സഭയിൽ കോൺഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയു ആർ.ജെ.ഡി. എം.പി. മനോജ് സിൻഹയും നോട്ടീസ് നൽകിയപ്പോൾ രാജ്യസഭയിൽ കോൺഗ്രസ് എം.പി. രഞ്ജീത് രഞ്ജനും ആവശ്യമുന്നയിച്ചു. ഇദ്ദേഹത്തെ കൂടാതെ രാഘവ് ഛദ്, കെ. കേശവ് റാവു, കെ.ആർ. സുരേഷ് റെഡ്ഡി, ജോഗിനിപള്ളി സന്തോഷ്കുമാർ, ബദുഗുല ലിങ്കയ്യ യാദവ്, മനോജ് ഝാ, സെയ്ദ് നാസർ ഹുസൈൻ, തിരുച്ചി ശിവ, ഇമ്രാൻ പ്രതാപ്ഗഡി, രാജീവ് ശുക്ല എന്നിവരും നോട്ടീസ് നൽകി.