ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ രണ്ട് ആദിവാസി യുവതികളെ ജോലി സ്ഥലത്തുനിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. രണ്ട് യുവതികളെ നഗ്നരാക്കി നഗരത്തിലൂടെ നടത്തിയ അതേദിവസമാണ് ഈ സംഭവം നടന്നത്. യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കാങ്പോക്പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇംഫാലിലെ കാർവാഷ് സ്ഥാപനത്തിലായിരുന്നു ഇവർക്ക് ജോലി.
ക്രൂരമായ അതിക്രമത്തിന് ഇരയായ സ്ത്രീകളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അവരുടെ സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ. പിറ്റേദിവസം ആശുപത്രിയിൽചെന്ന് അന്വേഷിച്ചപ്പോൾ അവർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.