മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട് 79 ദിവസത്തിനുശേഷം വായ തുറന്ന് ദുഃഖം അഭിനയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്’ പത്രം. വേദനയും നാണക്കേടും 56 ഇഞ്ചിന്റെ തൊലി തുളച്ചുകയറാൻ 79 ദിവസമെടുത്തു എന്ന തലക്കെട്ടോടെയാണ് കണ്ണീരൊഴുക്കുന്ന മുതലയുടെ ചിത്രം ആദ്യ പേജിൽ കൊടുത്താണ് ടെലഗ്രാഫ് മോദിയുടെ കാപട്യം തുറന്നു കാട്ടിയത്. മണിപ്പൂരിൽ കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ 78 ദിവസം കണ്ണീർ പൊഴിക്കാത്ത മുതലയും 79-ാം ദിവസത്തെ മുതലക്കണ്ണീരുമാണ് പത്രത്തിലുള്ളത്. ഒരോ ദിവസവും കാണിച്ച് മുതലയുടെ ചിത്രം സഹിതമാണ് ടെലഗ്രാഫിന്റെ പ്രഹരം.
മണിപ്പുരിൽ അക്രമിസംഘം കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ക്രൂരമായി മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോട് “ഹൃദയത്തിൽ വേദനയും രോഷവും നിറയുന്നു. പുറത്തുവന്ന സംഭവം പരിഷ്കൃത സമൂഹത്തിന് ലജ്ജാകരം. മണിപ്പൂരിന്റെ പെൺമക്കൾക്ക് സംഭവിച്ചത് പൊറുക്കാനാകില്ല. രാജ്യത്തിനാകെ നാണക്കേട്”- എന്നാണ് മോദി പാർലമെന്റിന് പുറത്ത് പ്രതികരിച്ചത്. കലാപം തുടങ്ങിയ നാൾ മുതൽ പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് ഒരുവാക്ക്പോലും പ്രതികരിച്ചിട്ടില്ല. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ സ്ത്രീത്വം തെരുവിൽ ക്രൂരമായി അപമാനിക്കപ്പെടുന്ന വീഡിയോ ലോകമാകെ പടർന്നപ്പോൾ ഹൃദയം നുറുങ്ങുന്നതായി പറഞ്ഞ് വേദന അഭിനയിച്ച മോദിയെയാണ് ടെലഗ്രാഫ് പരിഹസിച്ചത്.