ന്യൂ ഡൽഹി: മണിപ്പൂർ കലാപം സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൻ്റെ ഇരു സഭകളിലും സിപിഎം എംപിമാർ നോട്ടീസ് നൽകി. രാജ്യസഭയിൽ സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരാണ് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയത്.
മണിപ്പൂർ കലാപം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എം ആരിഫ് എം പി യും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തിൽ അനിയന്ത്രിതമായ ക്രമസമാധാന ലംഘനമാണ് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് എം പി മാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. കേന്ദ്ര സർക്കാരും ഫലപ്രദമായ ഒരിടപെടലും നടത്തിയില്ല. ഈ ഗുരുതര സാഹചര്യം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും സിപിഎം എംപിമാർ ആവശ്യപ്പെട്ടു.
കലാപത്തിൽ നിരവധി പള്ളികളും അമ്പലങ്ങളും വീടുകളും, തൊഴിൽ സ്ഥാപനങ്ങളും തകർത്തതായും ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാർ കലാപം നേരിടുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും പരാജയപ്പെട്ടെന്നും എ എം ആരിഫ് പറഞ്ഞു. കലാപത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.