ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയതിന് തൊട്ടുപിന്നാലെ മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് പ്രമേയം പാസാക്കി. പാര്‍ലമെന്റിന്റെ പ്ലീനറി സമ്മേളനത്തില്‍ മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, നിയമവാഴ്ച എന്നിവ ലംഘിക്കപ്പെടുന്ന മേഖലകളെക്കുറിച്ചുള്ള സെഷനിലാണ് മണിപ്പുര്‍ ചര്‍ച്ചയായത്.
മണിപ്പുരിലെ വംശീയവും മതപരവുമായ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്നും പ്രമേയം മോദിസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമേയം അനാവശ്യമെന്ന ഇന്ത്യയുടെ നയതന്ത്രസമ്മര്‍ദത്തെ മറികടന്നാണ് യൂറോപ്യന്‍ യൂണിയന് നിലപാട് പ്രഖ്യാപിച്ചത്. 70 ദിവസം പിന്നിട്ട വംശീയ കലാപത്തെക്കുറിച്ച് ഇതുവരെ വാതുറക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ താക്കീതാണ് യൂറോപ്യന്‍ രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടായി നല്‍കിയത്.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ തീവ്രദേശീയ നിലപാടുകളെ പ്രമേയം ശക്തമായി അപലപിച്ചു. ‘വിദ്വേഷവും വെറുപ്പും വമിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍നിന്നും നേതാക്കള്‍ പിന്തിരിയണം. ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്രേരിതമായ ഭിന്നിപ്പിക്കല്‍ നയങ്ങളാണ് ആക്രമണത്തിന് വഴിവച്ചത്. മണിപ്പുരിലെ കൊലപാതകങ്ങളില്‍ സൈന്യത്തിന്റെ പക്ഷപാതം വെളിപ്പെട്ടത് അധികാരികളിലുള്ള വിശ്വാസം നഷ്ടമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നവരെ കുറ്റവാളികളാക്കരുത്’ എന്നും പ്രമേയം തുറന്നടിച്ചു.
സ്വതന്ത്രവ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്ന് യൂറോപ്യന്‍ എംപിമാര്‍ ചര്‍ച്ചയ്ക്കിടെ നിര്‍ദേശിച്ചു. സായുധസേനയുടെ പ്രത്യേക അധികാരനിയമം മേഖലയില്‍നിന്ന് പിന്‍വലിക്കണമെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
705 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലെ 80 ശതമാനം ഉള്‍പ്പെടുന്ന ഇടത്, മധ്യഇടത്, ലിബറല്‍, വലതു വിഭാഗങ്ങള്‍ സംയുക്തമായാണ് പ്രമേയം കൊണ്ടുവന്നത്. മണിപ്പുരില്‍ മാത്രമല്ല, ഇന്ത്യയിലാകെ മതന്യൂനപക്ഷങ്ങള്‍ ഭീതിയിലാണൈന്ന് പല എംപിമാരും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ രാഷ്ട്രീയ ചായ്വുകള്‍ക്ക് അതീതമായ യൂറോപ്യന്‍ രാഷ്ട്രീയമനസ്സ് ഒന്നിച്ചത് ‘വിശ്വഗുരു’ എന്ന മട്ടില്‍ മോദിയെ ആഗോളതലത്തില്‍ അവതരിപ്പിക്കുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയായി.
ഇടത് ഗ്രീന്‍സ്- യൂറോപ്യന്‍ ഫ്രീ അലയന്‍സ്, മധ്യ-വലതുപക്ഷമായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ടി (ഇപിപി), സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളും ഉള്‍പ്പെട്ട മധ്യ-ഇടതുപക്ഷമായ പ്രോഗ്രസീവ് അലയന്‍സ്, ലിബറല്‍ വിഭാഗമായ റിന്യൂ ഗ്രൂപ്പ്, വലതുപക്ഷമായ യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സ് ആന്‍ഡ് റിഫോര്‍മിസ്റ്റ്സ് എന്നീ കക്ഷികളാണ് ഒറ്റക്കെട്ടായ് പ്രമേയം കൊണ്ടുവന്നത്.