കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനശേഷം മണിപ്പുരിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായെന്ന് തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ. ജൂലൈ ലക്കത്തിലാണ് കത്തോലിക്ക സഭയുടെ വിമർശം. സമാധാനം ഉറപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും വാഗ്ദാനങ്ങൾ പാഴ്വാക്കായി. ഈസ്റ്റ് ഇംഫാലിൽ ജൂൺ 14ന് കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട 11 ക്രൈസ്തവരെയാണ് കൂട്ടക്കൊല ചെയ്തത്.
മണിപ്പുരിൻ്റെ ചരിത്രത്തിൽ ഏറ്റവും രക്തരൂഷിതമായ കലാപമാണ് നടക്കുന്നത്. സർക്കാർ രൂപീകരിച്ച സമാധാനവും കമ്മിറ്റി പ്രഹസനമാണ്. 50 അംഗ കമ്മിറ്റിയിൽ ഭൂരിപക്ഷവും കലാപത്തിന് നേതൃത്വം നൽകുന്ന മെയ്ത്തീ ഗോത്രവിഭാഗത്തിൽപ്പെട്ടവരാണെന്ന് കുക്കികൾ പറയുന്നു. ഒരു നിഷ്പക്ഷ സമീപനവും ഈ കമ്മിറ്റിയിൽനിന്നില്ല. സംവരണ വിഷയത്തിനപ്പുറം ഇത് ക്രൈസ്തവർക്കെതിരായ കലാപമായി മാറി.
മെയ്ത്തീ വിഭാഗക്കാർ പള്ളികളിലും സ്ഥാപനങ്ങളിലും കയറി കുക്കികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവും കൊള്ളയും കൊലയും തീവയ്പും നടത്തി. ക്രൈസ്തവരുടെ 300 ദേവാലയങ്ങൾ കത്തിച്ചു. 150 പേരെ വെടിവച്ചുകൊന്നുവെന്നും അവിടം സന്ദർശിച്ച ക്രൈസ്തവ നേതാക്കളെ ഉദ്ധരിച്ച് കത്തോലിക്ക സഭ റിപ്പോർട്ട് ചെയ്യുന്നു. പോലീസിൽ നിന്ന് തട്ടിയെടുത്ത തോക്കുകളാണ് കുക്കികൾക്കെതിരെ പ്രയോഗിക്കുന്നത്. സ്വന്തം ആയുധങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത പോലീസിനെയാണോ സർക്കാർ വച്ചുകൊണ്ടിരിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണെന്ന് കത്തോലിക്ക സഭ ചൂണ്ടിക്കാട്ടി.