ഗോത്രവിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍നിന്ന് മാറ്റിനിര്‍ത്താമെന്ന നിര്‍ദ്ദേശവുമായി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപനത്തിനു പിന്നിലെ അജണ്ട ന്യൂനപക്ഷ സമുദായ വേട്ട മാത്രമാണെന്ന് ഇതോടെ വ്യക്തമായി. പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി യോഗത്തിലാണ്. ചെയര്‍മാനും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി പുതിയ നിലപാട് മുന്നോട്ടു വെച്ചത്.
‘വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളെന്ന ഇരട്ടസംവിധാനത്തില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്നും ഏക സിവില്‍കോഡ് ഇന്ത്യക്ക് ആവശ്യമാനമാണെന്നുമാണ് ഭോപാലില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തക യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
ഒരു രാജ്യത്ത് ഒരു നിയമം എന്ന തത്വമാണ് ഏക സിവില്‍ കോഡിനായി സംഘപരിവാറും മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ ഏക സിവില്‍ കോഡ് പരാമര്‍ശിക്കപ്പെടുന്നതും ആയുധമാക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണ് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ഇത് വ്യക്തമാക്കുന്നു. മറ്റു സമുദായങ്ങള്‍ക്ക് വ്യത്യസ്ത സിവില്‍ നിയമങ്ങളാകുന്നതില്‍ സംഘപരിവാറിന് എതിര്‍പ്പില്ല.
ഗോത്രവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ ആചാരരീതികളും അനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. മറ്റ് സമുദായങ്ങളില്‍നിന്ന് ഗോത്രവിഭാഗക്കാര്‍ വ്യത്യസ്തരാണ്. ഭരണഘടന അവരുടെ സംരക്ഷണം ഉറപ്പുപറയുന്നുമുണ്ട്. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രനിയമങ്ങള്‍ അവിടത്തെ നിയമനിര്‍മാണസഭകളുടെ അനുമതി കൂടാതെ നടപ്പാക്കാനാകില്ല.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റിടങ്ങളിലെയും ഗോത്രവിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തരുതെന്നും എല്ലാ നിയമങ്ങളിലും ചില ഒഴിവാക്കലുകളുണ്ടെന്നുമാണ് സുശീല്‍കുമാര്‍ മോദിയുടെ ന്യായം. ഒരു രാജ്യത്തിന് ഒരു നിയമം എന്ന ഏക സിവില്‍ കോഡിനായുള്ള ബിജെപിയുടെ വാദത്തെ സ്വയം പൊളിക്കുന്നതാണ് ഗോത്രവിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന നിലപാട്. വടക്കുകിഴക്കന്‍ മേഖലയില്‍ നിലവിലെ രാഷ്ട്രീയാധിപത്യം നിലനിര്‍ത്തുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഇന്ത്യപോലെ വൈവിധ്യമാര്‍ന്ന രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍ സാധ്യമല്ലെന്ന തുറന്നുസമ്മതിക്കല്‍കൂടിയാണ് ഗോത്രവിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം.