ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പുർ സംഘർഷത്തിൽ സിപിഎം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. അമിത് ഷാ ഉൾപ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല. പ്രധാനമന്ത്രി ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. പട്നയിലെ യോഗത്തിൽ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം മണിപ്പുർ കലാപം നേരിടാനാകാത്ത മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഡൽഹിയിൽ ചേർന്ന 10 പ്രതിപക്ഷ പാർടികളുടെ കൺവൻഷൻ ആവശ്യപ്പെട്ടു. ബിരേൻ സിങ് കടുത്ത പക്ഷപാതിത്വം കാട്ടുന്നു. വിമത സായുധസേനകളെ നിരായുധീകരിക്കാതെ സമാധാനം സാധ്യമല്ലെന്നും ഹർകിഷൻ സിങ് സുർജിത് ഭവനിൽ ചേർന്ന കൺവൻഷൻ ചൂണ്ടിക്കാട്ടി. കൺവൻഷനിൽ കോൺഗ്രസ്, സിപിഎം, സിപിഐ, ജെഡിയു, ഫോർവേഡ് ബ്ലോക്ക്, എൻസിപി, എഎപി, ആർഎസ്പി, ശിവസേന (ഉദ്ധവ് താക്കറെ), തൃണമൂൽ കോൺഗ്രസ് പാർടികളാണ് പങ്കെടുത്തത്.