ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിൻ്റെയും ലൈബ്രറിയുടെയും പേരിൽ നിന്ന് നെഹ്റുവിനെ കേന്ദ്ര സർക്കാർ വെട്ടിമാറ്റി. അര നൂറ്റാണ്ടിലേറെയായി നെഹ്റുവിൻ്റെ പേരിൽ അറിയപ്പെട്ട സ്മാരകത്തിന് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്ന് പേരിടാനാണ് തീരുമാനം.
വ്യാഴാഴ്ച ചേർന്ന എൻ എം എം എൽ സൊസൈറ്റി യോഗമാണ് ഈ വിവാദ തീരുമാനം എടുത്തത്. സൊസൈറ്റി വൈസ് പ്രസിഡന്റ് കൂടിയായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയർമാൻ. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവരടക്കം 29 പേരാണ് അംഗങ്ങൾ.
നെഹ്റു ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന തീൻമൂർത്തി ഭവൻ അദ്ദേഹത്തിൻ്റെ 75-ാം ജന്മദിനത്തിൽ അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് രാജ്യത്തിന് സമർപ്പിച്ചത്. 1948 ഓഗസ്റ്റ് മുതൽ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്റുവിൻ്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 2022 ഏപ്രിലിലാണ് മോദി സർക്കാർ ഇവിടെ പ്രധാനമന്ത്രി സംഗ്രഹാലയ നിർമ്മിക്കുന്നത്. 1964 ൽ നെഹ്റു മരിക്കുന്നതു വരെ തീൻമൂർത്തി ഭവൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായിരുന്നു.