ന്യൂഡൽഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് വീണ്ടും ‘പീഡിപ്പിക്കു’ന്നെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും റിട്ട. സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ. കേസ് അന്വേഷിക്കാനോ തെളിയിക്കാനോ ഡൽഹി പോലീസിന് താൽപ്പര്യമില്ല. സുപ്രീംകോടതി മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാത്തതിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നും പരോക്ഷമായി ആവശ്യപ്പെട്ടു. ഒരു വെബിനാറിൽ സംസാരിക്കവേയാണ് ലോക്കൂറിൻ്റെ വിമർശനം.
പരാതിയിൽ അന്വേഷണം നടത്തുന്നതിനു പകരം പ്രതിയെ നിരപരാധിയായി ചിത്രീകരിച്ച് രക്ഷിക്കുകയും പ്രായപൂർത്തിയാകാത്ത താരത്തെയടക്കം കള്ളന്മാരാക്കുകയുമാണ് പോലീസ്. ഇരകൾ ഭീഷണിക്ക് വിധേയരാകുമ്പോൾ നിഷ്പക്ഷ അന്വേഷണം അസാധ്യമാണ്. പ്രതി സ്വതന്ത്രമായി പൊതുവേദികളിൽ എത്തുന്നു. ഇരകളെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. കേസ് കോടതിയിൽ എത്തിയാൽ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുങ്ങും. പ്രായപൂർത്തിയാകാത്ത താരം മൊഴിമാറ്റിയത് തെളിവ് നശിപ്പിക്കപ്പെടുന്നതിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതിക്രമങ്ങളുടെ ഓഡിയോ വീഡിയോ തെളിവുകൾ പോലീസ് ആവശ്യപ്പെടുന്നു. കൃത്യം നടന്നത് പൊതുസ്ഥലത്തല്ല. തെളിവ് കണ്ടെത്താനല്ലെങ്കിൽ പിന്നെ എന്തിനാണവർ അന്വേഷണം നടത്തുന്നത്. പ്രായപൂർത്തിയാകാത്ത താരം രഹസ്യമൊഴി നൽകിയിട്ടും നാലു കോൺസ്റ്റബിൾമാരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം വീണ്ടും ചോദ്യംചെയ്തത് സംശയാസ്പദമാണ്. മറ്റൊരു താരത്തെ പ്രതിയുടെ സാന്നിധ്യത്തിൽ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇത് ഇരകളെ വീണ്ടും പീഡിപ്പിക്കലല്ലാതെ മറ്റെന്താണ് ലോക്കൂർ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോ അദ്ദേഹത്തേക്കാൾ ഉയർന്ന ഉദ്യോഗസ്ഥനോ പറയേണ്ടതിനു പകരം കുറ്റപത്രം പതിനഞ്ചാം തീയതി സമർപ്പിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞതിനെയും ലോക്കൂർ ചോദ്യം ചെയ്തു.
അതേസമയം ഗുസ്തി താരങ്ങൾ നിലപാട് കടുപ്പിച്ചതോടെ ജൂലൈ ആദ്യവാരം നടക്കുന്ന ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിൻ്റെ ബന്ധുക്കളോ സഹായികളോ മത്സരിക്കില്ലന്ന് ഉറപ്പായി. നിയമപ്രകാരം ഇത്തവണ മത്സരിക്കാൻ കഴിയില്ലെങ്കിലും ബന്ധുക്കളെ ഉപയോഗിച്ച് ഫെഡറേഷൻ തുടർന്നും കൈപ്പിടിയിലാക്കാനുള്ള ബ്രിജ് ഭൂഷണിന്റെ ശ്രമങ്ങൾ ഇതോടെ അവസാനിച്ചു.
കേന്ദ്ര കായികമന്ത്രിയുമായി ഏഴിന് നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിൻ്റെ ബന്ധുക്കളെയോ വേണ്ടപ്പെട്ടവരെയോ മത്സരിക്കാൻ അനുവദിക്കരുതെന്ന് സാക്ഷി മലിക്കും ബജ്റംഗ് പൂനിയയും അടക്കമുള്ള താരങ്ങൾ ശക്തമായി ആവശ്യപ്പട്ടിരുന്നു.