ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡിയിൽ വെച്ച് പുലർച്ചെ രണ്ടു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞു വീണു. തുടർന്ന് സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ.
നെഞ്ചുവേദനയെ തുടർന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തി. ഓമന്തുരാർ സർക്കാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്ററിലാണ് മന്ത്രി ചികിത്സയിൽ കഴിയുന്നത്. ബ്ലോക്കുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടി. ഉദനനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
2011-15 കാലഘട്ടത്തിൽ, ജെ ജയലളിതയുടെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമനം നൽകുന്നതിന് വിവിധ വ്യക്തികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയതായും സെന്തിൽ ബാലാജിക്കെതിരെ പരാതി ഉയർന്നിരുന്നു.