രാജ്യം ഒന്നടങ്കം ചര്‍ച്ച ചെയ്ത വിഷയമാണ് വനിതാ ഗുസ്തി താരങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ആരോപണം ഉന്നയിച്ചത് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയാണ്. ഇദ്ദേഹം ബിജെപി എംപി കൂടിയാണെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. നീതിക്ക് വേണ്ടി താരങ്ങളുടെ ശബ്ദം ഉയര്‍ന്നപ്പോഴും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടുള്ളത്.
ഇപ്പോള്‍ പീഡന കേസില്‍ തെളിവുകളോ വീഡിയോയോ ഒരു ദിവസത്തിനുള്ളില്‍ ഗുസ്തി താരങ്ങളോട് സമര്‍പ്പിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സമരത്തിന്റെ ആള്‍ബലവും പിന്തുണയും കൂടുന്നതോടെ കേസെടുക്കാനുള്ള സമര്‍ദ്ദം മോദി സര്‍ക്കാരിന് ഏറുന്നു. പോലീസിന്റെ ഈ ആവശ്യം ഇതിനെ സാധൂകരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെ 7 വനിതാ ഗുസ്തി താരങ്ങളെയാണ് ഈ പ്രതി ഇരയാക്കിയത്.
ഒരു പരാതി കൈമാറിയില്‍ അതില്‍ അന്വേഷണം നടത്തി തെളിവ് ശേഖരിച്ച് പ്രതിയെ പിടികൂടി ശിക്ഷ ഉറപ്പാക്കേണ്ടതാണ് പോലീസ് സേനയുടെ ഉത്തരവാദിത്വം. എന്നാല്‍ ഇവിടെ ഗുസ്തി താരങ്ങളുടെ കേസില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിലടക്കം മെഡല്‍ നേടി രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ ഗുസ്തി താര
ങ്ങളുടെ സമരത്തെ ഭീഷണിപ്പെടുത്തിയും വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടന്നുവരികയാണ്. ഇതിന് തെളിവാണ് ഇരയായ ഗുസ്തി താരത്തിന്റെ പിതാവ് മൊഴി മാറ്റിയ സംഭവം.
മകളോട് ബ്രിജ് ഭൂഷണ്‍ മോശമായി പെരുമാറിയിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. റെസ്ലിംഗ് ഫെഡറേഷന്‍ എന്റെ മകളോട് വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണ് ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചതെന്നും ഈ പിതാവ് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. അതും സമരത്തെ അടിച്ചമര്‍ത്താനുള്ള ബിജെപിയുടെ ടൂളായി കാണേണ്ടതാണ്.
ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇത്രയുമധികം ജനരോക്ഷം ഉയര്‍ന്നിട്ടും അടുത്ത തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് ബ്രിജ് ഭൂഷണ്‍. ഈ നടപടി രാജ്യത്ത് സ്ത്രീകള്‍ക്ക് നല്‍കുന്നത് എന്ത് സുരക്ഷിതത്വവും നീതിയുമാണ്…? നിലവില്‍ 38 കേസുകളില്‍ പ്രതിയായിട്ടും ബ്രിജ് ഭൂഷണിന് തണലൊരുക്കാനുള്ള വ്യഗ്രതയിലാണ് ബിജെപി. ക്രിമിനല്‍ പശ്ചാത്തലത്തില്‍ ഉള്ളവരെ പൊക്കി കൊണ്ട് വന്ന് രാജ്യത്തിന്റെ അധികാര ശ്രേണിയില്‍ ഉള്‍പ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.