ന്യൂഡല്‍ഹി: ബിജെപിയുടെയും തങ്ങളുടെയും ലക്ഷ്യം ഒന്നാണെന്ന് മണിപ്പുര്‍ വര്‍ഗീയ കലാപത്തില്‍ ആരോപണവിധേയമായ മെയ്ത്തീ തീവ്രവാദ സംഘടനയുടെ തലവന്‍. കുക്കികള്‍ക്ക് കൂടുതല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും മെയ്ത്തി ലിപുണ്‍ തലവന്‍ പ്രമോദ് സിങ് ഭീഷണി മുഴക്കി ഇതുവരെ നടന്നതെല്ലാം അപ്പോള്‍ ചെറിയ കാര്യമായി മാറുമെന്നും പ്രമോദ് സിങ് ദേശീയ മാധ്യമത്തിലെ അഭിമുഖത്തില്‍ പറഞ്ഞു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍സിങ്ങിന്റെ ആരാധകനാണ് താനെന്നും മുന്‍ എബിവിപി നേതാവായ പ്രമോദ് സിങ് പറഞ്ഞു.
ആരംബായ് തെംഗോല്‍ എന്ന മെയ്ത്തീ തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ലിപുണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. തന്റെ സംഘടനയിലെ 14,000 അംഗങ്ങളില്‍ ആയിരം പേര്‍ സായുധ പരിശീലനമടക്കം ലഭിച്ച കേഡര്‍മാരാണെന്ന് പ്രമോദ് സിങ് പറയുന്നു. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. മെയ് മൂന്നിന് കലാപം തുടങ്ങുന്നതിനുമുമ്പേ ഇംഫാല്‍ താഴ്വരയില്‍ ലിപുണ്‍ കേഡര്‍മാര്‍ ജാഗ്രത പാലിച്ചിരുന്നു. 2015-16 മുതല്‍ തയ്യാറെടുപ്പ് നടത്തിയിരുന്നതായും പ്രമോദ് സിങ് വെളിപ്പെടുത്തി.
തങ്ങള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് പ്രമോദ് സിങ് അവകാശപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങും തങ്ങളും ഒരേ കാര്യങ്ങളാണ് പറയുന്നത്. മ്യാന്മറില്‍നിന്നുള്ള കുടിയേറ്റക്കാരെ തടയുക, വനങ്ങള്‍ സംരക്ഷിക്കുക, എന്‍ആര്‍സി നടപ്പാക്കുക, പോപ്പി കൃഷി തടയുക എന്നീ ലക്ഷ്യങ്ങള്‍ നേടാന്‍ ബീരേന്‍സിങ്ങിനൊപ്പം നില്‍ക്കും. കുക്കികള്‍ക്കെതിരെ ബിജെപിയും മെയ്ത്തീ തീവ്രവാദികളും ഒരേ പ്രചാരണമാണ് നടത്തുന്നതെന്നും കലാപം ആസൂത്രിതമാണെന്നും ലിപുണ്‍ നേതാവിന്റെ പ്രതികരണം വ്യക്തമാക്കുന്നു.
മണിപ്പുരില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളില്‍ അരുണാചല്‍പ്രദേശ് ക്രിസ്ത്യന്‍ ഫോറം ആശങ്ക പ്രകടിപ്പിച്ചു. പട്ടികവര്‍ഗ പദവിയെച്ചൊല്ലി മെയ്ത്തീകളും കുക്കികളും തമ്മിലുണ്ടായ തര്‍ക്കം മതപരമായി തിരിച്ചുവിട്ടു. മെയ്ത്തീ ക്രൈസ്തവരുടെ പള്ളികള്‍ മെയ്ത്തീ ഹിന്ദുക്കള്‍ നശിപ്പിക്കുമ്പോള്‍ വംശീയ സംഘര്‍ഷമാകുന്നതെങ്ങനെയെന്നും ഫോറം ചോദിച്ചു. മണിപ്പുരില്‍ നീതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായും ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടി.
കുക്കികളുടെ സംരക്ഷണത്തിനായി മണിപ്പുരില്‍ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട 10 എംഎല്‍എമാര്‍ക്ക് നിയമസഭ അവകാശ-പെരുമാറ്റ ചട്ട സമിതി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പതിനാറിനകം വിദശീകരണം നല്‍കണമെന്ന് എംഎല്‍എമാര്‍ക്ക് ഇ-മെയില്‍ വഴി അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. ഒ ജോയി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് നിയമസഭ സമിതി അധ്യക്ഷന്‍ നിഷികാന്ത് സിങ് സപം പറഞ്ഞു.
ബിജെപിയില്‍നിന്നുള്ള ഏഴ് പേരടക്കം കുകി-ചിന്‍ വിഭാഗക്കാരായ 10 എംഎല്‍എമാരാണ് പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി എന്‍ ബീരേന്‍സിങ്ങില്‍നിന്ന് കുക്കികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഇവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു. ഗതാഗതമന്ത്രി ഖഷീം വഷു അടക്കമുള്ള ഈ സംഘം എംഎല്‍എമാര്‍ വീണ്ടും അമിത് ഷായെ കാണാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിക്കു മുന്നില്‍ കുക്കി വനിതകള്‍ പ്രതിഷേധിച്ചു. ഇവരില്‍ നാലു പേര്‍ക്ക് മന്ത്രിയെ കാണാന്‍ അനുമതി നല്‍കി. മണിപ്പുരില്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം നീട്ടിയതിനെതിരെ സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജി ഫയല്‍ ചെയ്തു.
മണിപ്പുരില്‍ ഇംഫാല്‍ താഴ്വരയിലും മലമുകളിലും ആളുകളുടെ കൈവശമുള്ള എല്ലാ നിയമവിരുദ്ധ ആയുധങ്ങളും പിടിച്ചെടുക്കുമെന്ന് സംസ്ഥാന ഗവര്‍ണര്‍ അനസൂയ ഉയ്കെ. ഇതിനായി കേന്ദ്ര- സംസ്ഥാന സേനകള്‍ സംയുക്തമായി തിരച്ചില്‍ നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍തന്നെ വീണ്ടും സംസ്ഥാനം സന്ദര്‍ശിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. മെയ് മൂന്നിന് കലാപം തുടങ്ങിയതിനു പിന്നാലെ സംസ്ഥാനത്തെ പൊലീസ് ആയുധശാലകളില്‍നിന്ന് ആയിരക്കണക്കിന് തോക്കുകളും തിരകളും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ചെറിയ പങ്ക് മാത്രമാണ് തിരിച്ചുപിടിച്ചത്.