ന്യൂഡൽഹി: ബിജെപി എംപി ബ്രിജ് ഭൂഷണിൻ്റെ ലൈംഗിക അതിക്രമം ഇരയിൽ നിന്ന് രണ്ടു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിരുന്നതായി എഫ്ഐആർ. 2021 ആഗസ്തിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്ന അന്തർദേശീയ മെഡലുകൾ നേടിയ താരമാണ് പരാതി ഉന്നയിച്ചത്. മോദിയെ സന്ദർശിക്കുന്ന താരങ്ങളുടെ പട്ടികയിൽനിന്ന് അവരെ ഒഴിവാക്കാൻ ബ്രിജ് ഭൂഷൺ ശ്രമിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് മോദിയോട് ബ്രിജ് ഭൂഷണിൻ്റെ ലൈംഗിക, മാനസിക പീഡനങ്ങളും താരങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും വെളിപ്പെടുത്തിയത്. ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി അന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഗുസ്തി താരങ്ങളുടെ പരാതിയിൽ കൊണാട്ട്പ്ലേസ് പോലീസ് ഏപ്രിൽ 28ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഈ വിവരങ്ങളുള്ളത്.
കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യക്കായി വീണ്ടും മത്സരരംഗത്ത് ഇറങ്ങാമെന്ന ആത്മവിശ്വാസം വന്നു. ആത്മഹത്യാ ചിന്തയടക്കം വിട്ടുപോയി, ഉന്മേഷം തോന്നി–- എഫ്ഐആറിൽ പറയുന്നു. എന്നാൽ, വീണ്ടും ബ്രിജ് ഭൂഷൺ വിളിപ്പിച്ചു. ഭർത്താവിനൊപ്പം പോയപ്പോൾ കാണാൻ തയ്യാറായില്ല. ബ്രിജ് ഭൂഷണിൻ്റെ സെക്രട്ടറി വിനോദ് തോമർ വീട്ടിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു. പ്രതികരിച്ചതിൻ്റെ പേരിൽ കരിയർ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ വിവരിക്കുന്നു.