ന്യൂഡൽഹി: ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവന്നത്.
ബ്രിജ്ഭൂഷൺ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂർത്തിയാകാത്ത ഗുസ്തി താരമുൾപ്പടെ ഏഴു പേർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്ട്ര വേദികൾ, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉൾപ്പടെ എട്ടു സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചു. ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച പരുക്കുകൾക്കു റെസ്ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷെതിരെ എഫ്ഐആറിൽ ഉള്ളത്.
ലൈംഗികാതിക്രമം നേരിട്ട താരങ്ങളുടെ നേരത്തെ പുറത്തുവന്ന മൊഴിയിലും ഇതേ വിവരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 354 സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, വകുപ്പ് 354 എ ലൈംഗിക ചൂഷണം തുടങ്ങിയവ പ്രകാരമാണ് കേസ്.