ഡൽഹി: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ. മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ പറഞ്ഞു. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുടെ പ്രസ്താവന.
ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. തങ്ങളെ പെൺമക്കൾ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം തങ്ങളോട് കരുതൽ കാണിച്ചില്ലെന്ന് താരങ്ങൾ ആരോപിച്ചു. അതേസമയം പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് അദ്ദേഹം ബ്രിജ് ഭൂഷൺ സിങിനെ ക്ഷണിച്ചതായും താരങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്നപോലെയാണ് പോലീസ് പെരുമാറിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും താരങ്ങൾ അറിയിച്ചു.