2024 ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ രാജ്യം എല്ലാ അർഥത്തിലും തകരുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ഭർത്താവുമായ ഡോ. പര കാല പ്രഭാകർ. അത് വലിയൊരു തകർച്ചയായിരിക്കും. ഇന്ത്യ എന്ന ആശയത്തിൻ്റെ തകർച്ച ജനാധിപത്യവും മതനിരപേക്ഷതയും വൈവിധ്യങ്ങളുമെല്ലാം ഇല്ലാതാകും. ഒരു രാജ്യം, ഒരു മതം, ഒരു രാഷ്‌ട്രീയം, ഒരു ഭാഷ എല്ലാം ഒന്നിലേക്ക് ചുരുങ്ങി മറ്റെല്ലാം അപകടത്തിലാകും. മോദിയുടെ മൂന്നാമൂഴം വലിയ ദുരന്തമായിരിക്കും.
അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമായ “ദ ക്രൂക്ക്ഡ് ടിംബർ ഓഫ് ഇന്ത്യ” യെ സംബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ ദ വയർ പോർടലിനായി നടത്തിയ അഭിമുഖത്തിലാണ് ഡോ. പരകാല പ്രഭാകർ രാജ്യം അഭിമുഖീകരിക്കുന്ന വൻ വിപത്ത് ചൂണ്ടിക്കാണിക്കുന്നത്.
രാജ്യം റിപ്പബ്ലിക്കിൻ്റെ മൂല്യങ്ങളിൽനിന്നും അതിന്റെ അടിസ്ഥാന തത്വങ്ങളിൽനിന്നും മാറി ആശങ്കയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും കണ്ടുശീലിച്ച രാഷ്ട്രീയസംഭവങ്ങളും തെരുവ് ദൃശ്യങ്ങളും അപകടകരമായ രീതിയിൽ തെക്കൻ സംസ്ഥാനങ്ങളിലേക്കും പടരുന്നു. ഇതെന്നെ ചിന്തിപ്പിച്ചു. എന്താണ് ഇതിലേക്ക് നയിച്ച കാരണങ്ങൾ. നല്ലതൊന്നും താങ്കൾ കാണുന്നില്ലേ. വിമർശം ഉയർത്താതെ ബദൽ നിർദേശിക്കൂ എന്ന് ആളുകൾ പറയാറുണ്ട്. ബദൽ നിർദേശിച്ചാൽ മാത്രമേ വിമർശിക്കാൻ കഴിയൂ എന്ന് ഞാൻ കരുതുന്നില്ല. ബദൽ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ബാധിക്കുന്ന തെറ്റായ പ്രവണതകളെ തുറന്നു കാണിക്കുകയാണ് ഞാൻ ചെയ്യുന്നത്.
സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള സർക്കാരിൻ്റെ അവകാശ വാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാന്ദ്യമല്ലെങ്കിലും മൊത്തം ആഭ്യന്തരോൽപ്പാദന വളർച്ച കോവിഡിന് മുമ്പുതന്നെ മന്ദഗതിയിലായിരുന്നു. കോവിഡ് കാലത്ത് മാന്ദ്യത്തിലേക്കെത്തി. അപ്പോൾ ഡിമാൻഡിനേക്കാളും സപ്ലൈ സൈഡിൽ ഊന്നിയ തെറ്റായ നയം സർക്കാർ സ്വീകരിച്ചു. എന്നാൽ, പ്രതിസന്ധി ഡിമാൻഡ് സൈഡിലായിരുന്നു. അതിനാൽ കോവിഡിനു മുമ്പുള്ള സാമ്പത്തിക സ്ഥിതിയിലേക്കെത്താൻപോലും നമുക്ക് കഴിയുന്നില്ല. താഴേക്ക് പതിച്ച സമ്പദ്‌ഘടനയിലെ നേരിയ ചലനംപോലും വലിയ വളർച്ചയായി ചിത്രീകരിച്ച് മന്ത്രിമാരും സർക്കാർ വക്താക്കളും ആളുകളുടെ കണ്ണിൽ പൊടിയിടുകയാണ്.
തുടക്കംമുതൽ ബിജെപിക്ക് ചിന്തിതവും യോജിച്ചതുമായ സാമ്പത്തികനയം രൂപീകരിക്കാനായില്ല. എന്താണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്ന സാമ്പത്തികനയം? 1980ൽ ഗാന്ധിയും സോഷ്യലിസവുമാണ് തങ്ങളുടെ ശൈലിയെന്നായിരുന്നു അവർ പറഞ്ഞത്. 1991ലെ സാമ്പത്തികനയങ്ങളെ അവർ എതിർത്തിരുന്നു. ഇപ്പോൾ ആഭിചാരക്കാരായ സാമ്പത്തിക വിദഗ്ധരാണ് അവരുടെ ഉപദേശകർ. കള്ളപ്പണം ഇല്ലാതാക്കാൻ വിനാശകരമായ നോട്ടുനിരോധനം നടപ്പാക്കി.
സാമ്പത്തിക കാര്യത്തിൽ മാത്രമല്ല, രാജ്യത്ത് ആഴത്തിൽ വേരിറങ്ങിയ വർഗീയതയും വിഭജനവാസനയും പുറത്തെടുത്തു എന്നതൊഴികെ മറ്റെല്ലാത്തിലും പ്രധാനമന്ത്രി കഴിവില്ലാത്തവനാണെന്ന് പരകാല പ്രഭാകർ തുറന്നടിച്ചു.
മോദി സർക്കാരിൻ്റെ ‘ജനകീയത’ സാമ്പത്തികനയത്തിലോ മറ്റ് പ്രവർത്തനത്തിലോ അല്ല, മറിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ അജൻഡയിൽ ജനങ്ങളെ കൊണ്ടുവരുന്നതിലാണ്. പത്തു വർഷം മുമ്പുവരെ രാഷ്ട്രീയ ചർച്ചയിലെ പ്രധാന പ്രയോഗം മതനിരപേക്ഷതയായിരുന്നു. എന്നാൽ, ഇന്ന് ഹിന്ദുത്വയാണ്. മോദിക്കു കീഴിലെ ബിജെപി മതനിരപേക്ഷതയെ പൂർണമായും തിരസ്‌കരിച്ചു.
ഈ പുസ്തകം പുറത്തിറക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാട് വ്യക്തികളെ കണ്ടു. എല്ലാവരും മാന്യമായി ഒഴിഞ്ഞുമാറി. സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നത് സംസാരിക്കാൻ കഴിയുമോ എന്നതിലല്ല, സംസാരം കഴിഞ്ഞാൽ നമുക്ക് എന്തു സംഭവിക്കും എന്നതിലാണ്. അഭിമുഖത്തിനു ശേഷം നമുക്ക് എന്തെങ്കിലും സംഭവിച്ചേക്കാം എന്നാണോ എന്ന ചോദ്യത്തിന് അതേ, വിധികർത്താക്കൾ പുറത്തുണ്ട് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യയെ തിരികെ പിടിക്കാൻ നമുക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. രാജ്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ തിരികെപ്പിടിക്കാൻ കഴിയുമെന്നാണ് വിശ്വാസം. സമ്പദ്‌വ്യവസ്ഥയെ കുറിച്ചല്ല ജനങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. പ്രത്യേകവിഭാഗത്തിൽ ജനിച്ചതിൻ്റെ പേരിൽ കൊല്ലപ്പെടാനോ, രണ്ടാംതരം പൗരന്മാരാകാനോ പാടില്ല. ബിജെപിയുടെ ഈ നയങ്ങളെ തള്ളണോ അതോ പ്രോത്സാഹിപ്പിക്കണമോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.