ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മി സർക്കാരിന് നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധിക്കെതിരെ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ച് മോദിസർക്കാർ. സുപ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഡൽഹി സർക്കാരിന് സുപ്രീംകോടതി നൽകിയ അധികാരങ്ങൾ ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ ഇല്ലാതാക്കി. ഓർഡിനൻസ് രാഷ്ട്രപതി അംഗീകരിച്ച് വെള്ളിയാഴ്ച്ച രാത്രി വൈകി അസാധാരണ ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു.
ഉദ്യോഗസ്ഥരുടെ നിയമനം,സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ശുപാർശ നൽകാൻ ‘നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ് അതോറിറ്റി’ രൂപീകരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഡൽഹി മുഖ്യമന്ത്രി തലവനായ അതോറിറ്റിയിൽ ഡൽഹി ചീഫ്സെക്രട്ടറിയും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും മറ്റംഗങ്ങൾ. അതോറിറ്റി ശുപാർശകളിൽ അന്തിമതീരുമാനമെടുക്കേണ്ടത് ലെഫ്റ്റനന്റ് ഗവർണറാണെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.
ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അധികാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് ഈ മാസം 11നാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധിച്ചത്. ലെഫ്.ഗവർണർ സർക്കാരിൻ്റെ ഉപദേശ, നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കണമെന്നും വിധിയിൽ ഭരണഘടനാബെഞ്ച് നിർദേശിച്ചിരുന്നു. വിധി വന്ന് ഒരാഴ്ച്ച മാത്രം പിന്നിട്ടപ്പോഴാണ് മോദി സർക്കാർ ഓർഡിനൻസിലൂടെ അത് മറികടന്നത്. സുപ്രീംകോടതി വിധി ഓർഡിനൻസിലൂടെ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിക്ക് എതിരെ രാഷ്ട്രീയ, നിയമ മേഖലകളിൽ നിന്നും കടുത്ത വിമർശനമുയർന്നു. ഇതേതുടർന്ന്, വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഓർഡിനൻസിന് എതിരെ ഉടൻ കോടതിയെ സമീപിക്കുമെന്ന് ആംആദ്മിയും അറിയിച്ചു. ഇതോടെ, ഡൽഹിയിൽ സർക്കാരും ലെഫ്.ഗവർണറും തമ്മിലുള്ള അധികാരത്തർക്കം വീണ്ടും സുപ്രീംകോടതിയുടെ കളത്തിലെത്തും.
രാജ്യതാൽപര്യം കണക്കിലെടുത്താണ് ഓർഡിൻസ് പുറപ്പെടുവിക്കുന്നതെന്ന പരിഹാസ്യമായ അവകാശവാദമാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്. ഡൽഹിയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനങ്ങൾ എടുത്താലും അത് ഡൽഹിയെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബാധിക്കും.
രാജ്യത്തിന്റെ പ്രതിച്ഛായ, വിശ്വാസ്യത, അന്തസ്സ് തുടങ്ങിയ കാര്യങ്ങളെ സാഹചര്യത്തിലാണ്, ഓർഡിനൻസ് പുറപ്പെടുവിക്കുന്നതെന്നാണ് കേന്ദ്രസർക്കാരിൻ്റെ അവകാശ വാദം.