ജയ്പൂർ: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. സച്ചിൻ പൈലറ്റിൻ്റെ അടുപ്പക്കാരനും മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. 2016 ലാണ് ബിജെപി വിട്ട് സുഭാഷ് മഹാരിയ കോൺഗ്രസിലെത്തിയത്.
മഹാരിയ 1999 ഒക്ടോബർ മുതൽ 2003 ജനുവരി വരെ ഗ്രാമവികസന മന്ത്രിയായിരുന്നു. 2003-2004 ജനുവരി വരെ അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായി. 1998 മുതൽ 2009 വരെ സുഭാഷ് മഹാരിയ ബി.ജെ.പി ടിക്കറ്റിൽ മൂന്ന് തവണ സിക്കാറിൽ നിന്ന് പാർലമെന്റ് അംഗമായി മത്സരിച്ച് വിജയിച്ചു. എന്നാൽ 2009 ൽ മഹാദേവ് സിങ് ഖണ്ഡേലിനോട് പരാജയപ്പെട്ടു. 2014 ൽ മഹാരിയക്ക് ബിജെപി ടിക്കറ്റ് നൽകാത്തതിനാൽ സ്വതന്ത്രനായി മത്സരിച്ചു. സച്ചിൻ പൈലറ്റ് പിസിസി തലവനായപ്പോൾ മഹാരിയയെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കത്തിനിടെയാണ് കോൺഗ്രസ് വിടാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം.