ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് ദുരന്തമാകുമെന്ന് സാമ്പത്തിക വിദഗ്ധനും നിർമല സീതാരാമൻ്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ ഏറെ മുന്നിലാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ മോദിയുടെ ഭരണം ഏറെ പിന്നിലാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്‌സ് ഓൺ എ റിപ്പബ്ലിക്ക് ഇൻ ക്രൈസിസ്’ എന്ന പരകാലയുടെ പുസ്തകം മെയ് 14ന് ബെംഗളൂരുവിൽ പുറത്തിറക്കിയിരുന്നു. മോദി ഭരണകൂടം സമ്പദ് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകൾ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു മോദിക്കെതിരായ വിമർശനങ്ങൾ.
2014ലെ തെരഞ്ഞെടുപ്പിൽ ‘വികസന’ത്തിന്റെ തട്ടകത്തിൽ വിജയിച്ച ബിജെപി ഹിന്ദുത്വ വികാരം ഉയർത്തികൊണ്ട് വരികയായിരുന്നെന്ന് ഡോ. പ്രഭാകർ പറഞ്ഞു. 2024-ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകും.
ഹിന്ദുത്വയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ആളുകളെ അണിനിരത്താനുള്ള കഴിവിൽ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഉയർന്ന് വന്നത്. 2014ൽ അധികാരത്തിലേറിയപ്പോൾ മോദി പറഞ്ഞത് പോരാട്ടം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലല്ലെന്നും തൊഴിലില്ലായ്മക്കും ദാരിദ്യത്തിനുമെതിരെ മുസ്‌ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ചാണ് പോരാടുന്നതെന്നുമായിരുന്നു.
2014ൽ സദ്ഭരണവും അഴിമതിരഹിത സർക്കാരും വികസനവും ഉയർത്തിയായിരുന്നു അവർ വോട്ട് ചോദിച്ചത്. എന്നാൽ അവരുടെ യഥാർത്ഥ ഉദ്ദേശം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റലായിരുന്നെന്ന് ഡോ. പരകാല പ്രഭാകർ പറഞ്ഞു.