ജയ്‌പൂർ: അടുത്ത വർഷം ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാൻ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായി. രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടിനെതിരേ രൂക്ഷവിമർശനവുമായി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വീണ്ടും രംഗത്തെത്തി. സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിൻ്റെ നേതാവെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു.
സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായിൽ നിന്ന് പണം വാങ്ങിയെന്ന ഗെഹ്‌ലോട്ടിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികൾ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് ചോദിച്ച സച്ചിൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്‌ലോട്ട് മാറണമെന്നും ആവശ്യപ്പെട്ടു.
തനിക്കെതിരേ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു. ബിജെപി സർക്കാരിനെതിരായ അഴിമതിയാരോപണം അന്വേഷിക്കണം. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിൻ ആവർത്തിച്ചു. ഇതിനിടെ സംസ്ഥാനത്ത് സ്വന്തം നിലയിൽ സച്ചിൻ ജൻ സംഘർഷ് യാത്ര പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 11 ന് അജ്മീറിൽനിന്ന് ആരംഭിക്കുന്ന യാത്ര അഞ്ചു ദിവസം നീണ്ടുനിൽക്കും. ജയ്പുരിലാണ് അഴിമതി വിരുദ്ധ യാത്ര അവസാനിക്കുക.