ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസ് സ്ഥാനാർത്ഥിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത ബിജെപി നേതാവും മന്ത്രിയുമായി വി സോമനയ്ക്കെതിരെ കേസ്. ചാമരാജനഗർ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥി മല്ലികാർജുന സ്വാമിക്കാണ് സോമന കൈക്കൂലി വാഗ്ദാനം ചെയ്തത്. സോമനയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
നിലവിൽ ബിജെപി എംഎൽഎയും കർണാടക ഭവന, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയുമാണ് സോമന. ചാമരാജനഗർ മണ്ഡലത്തിൽ മത്സരിക്കുന്ന ജെഡിഎസ് സ്ഥാനാർത്ഥി മല്ലികാർജുന സ്വാമിയോട് നാമനിർദേശ പത്രിക പിൻവലിക്കാൻ സോമന ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാൻ സർക്കാർ വാഹനവും പണവുമായിരുന്നു സോമന വാഗ്ദാനം ചെയ്തത്.
സോമനയ്ക്കെതിരെ ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം ചാമരാജനഗറിലെ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.