ലഖ്നൗ: രാജ്യത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാകുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോർട്ട് ആണ് പുറത്ത് വന്നത്. ഇതിൽ ഓരോ മൂന്നു മണിക്കൂറിലും യുപിയിൽ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നെന്ന് ചൂണ്ടിക്കാട്ടുന്നു.
2017ൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സെൻഗാർ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഇര തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പുറത്തുവന്നത്. ശേഷം കേസിൽ കോടതി ഇടപെടൽ ഉണ്ടായത്തോടെയാണ് പോലീസ് നടപടി എടുത്തത്.
2019ൽ ഉന്നാവോയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ രണ്ട് പ്രതികൾ ചേർന്ന് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. 2020ലെ ഹാഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു. പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്കരിച്ച പോലീസിൻ്റെ നടപടിയും വിവാദത്തിലേക്ക് വഴിവെച്ചു.
2022 പിലിബിത്തിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം തീകൊളുത്തിക്കൊന്നു. സ്ത്രീകൾ നിരന്തരം ആക്രമണത്തിന് ഇരയാകുമ്പോൾ യുപിയിലെ നിയമവ്യവസ്ഥ നോക്കുകുത്തി ആവുകയാണ്.