ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡിയും ബിജെപിയിൽ ചേക്കേറി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി റെഡ്ഢി അംഗത്വം സ്വീകരിച്ചു. മൂന്നാഴ്ച മുൻപ് കോൺഗ്രസ്സിൽ നിന്ന് രാജി വെച്ചിരുന്നു. 2010 നവംബർ 11 നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായത്. അവിഭക്ത ആന്ധ്രയുടെ അവസാന മുഖ്യമന്ത്രിയാണ്. സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2014 മാർച്ച് 10 ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
2014 മാർച്ച് 10ന് ജയ് സമൈക്യന്ദ്ര പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. നിരവധി സീറ്റുകളിൽ കെട്ടിവെച്ച തുക നഷ്ടമായതോടെ 2018 ജൂലൈ 13-ന് പാർട്ടി പിരിച്ചു വിട്ട് റെഡ്ഡി വീണ്ടും കോൺഗ്രസ്സിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്.
മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരായ എൻ ഡി തിവാരി (യുപി, ഉത്തരാഖണ്ഡ് ) എസ് എം കൃഷ്ണ ( കർണാടക ) ജഗദംബിക പാൽ ( യു പി ) ഗിരിധർ ഗൊമാങ് (ഒഡീഷ) അമരീന്ദർ സിങ്ങ് (പഞ്ചാബ്) വിജയ് ബഹുഗുണ ( ഉത്തരാഖണ്ഡ്) ദിഗംബർ കാമത്ത് (ഗോവ) തുടങ്ങിയവർ നേരത്തേ ബിജെപിയിൽ ചേർന്നിരുന്നു. പ്രലോഭനങ്ങൾക്കും ഭീഷണിക്കും കീഴടങ്ങി ബിജെപിയിൽ അഭയം തേടുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടിക നീളുകയാണ്.