ഹൈദരാബാദ്: എസ്എസ്സി പത്താം ക്ലാസ് പരീക്ഷ ചോദ്യ പേപ്പർ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിലായി. കരീംനഗർ എംപിയാണ് അറസ്റ്റിലായ സഞ്ജയ് കുമാർ. ബുധനാഴ്ച അതിരാവിലെ കരീംനഗറിലെ വസതിയിലെത്തിയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് 3 പ്രതികൾക്കൊപ്പം ഈ മാസം 19 വരെ സഞ്ജയ് കുമാറിനെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച എസ് എസ് സി ഹിന്ദി ചോദ്യപേപ്പർ 10 മണിയോടെ വാട്സ് ആപ് ഗ്രൂപുകളിൽ പ്രചരിച്ചിരുന്നു. പരീക്ഷാ പേപ്പറുകൾ ചോരുന്നതിന് പിന്നാലെയുളള സാഹചര്യം മുതലെടുക്കാൻ, ഏപ്രിൽ മൂന്നിന് പ്രതികളിലൊരാൾക്ക് ബണ്ടി സഞ്ജയ് നിർദ്ദേശം നൽകിയെന്നും പോലീസ് ആരോപിച്ചു. ചോദ്യ പേപ്പർ ചോർച്ച തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ചിത്രീകരിക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.