ന്യൂഡൽഹി: കോർപറേറ്റ്-വർഗീയ കൂട്ടുകെട്ടിനും നരേന്ദ്ര മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും താക്കിതായി ന്യൂഡൽഹിയിൽ കർഷകരുടെയും തൊഴിലാളികളുടെയും ഐതിഹാസിക മുന്നേറ്റം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിനു കൃഷിക്കാരും തൊഴിലാളികളും റാലിയിൽ അണിനിരന്നു. അഖിലേന്ത്യ കിസാൻസഭയുടെയും,കർഷകത്തൊഴിലാളി യൂണിയൻ്റെയും നേതൃത്വത്തിൽ നടന്ന റാലി ഡൽഹിയെ ചുവപ്പിൽ മുക്കി.
കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുമുള്ള തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും റാലിയുടെ ഭാഗമായി. ദില്ലിയ്ക്ക് സമീപം ഗാസിയാബാദിലും രാജ്യതലസ്ഥാനമേഖലയിലെ ഗുരുദ്വാരകളിലും ധർമശാലകളിലും അടക്കമാണ് ക്യാമ്പുകൾ ഒരുക്കിയത്.
മിനിമം വേതനം, എട്ടു മണിക്കൂർ ജോലി, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്ക് നിയമപരിരക്ഷ നൽകുന്ന തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയാണ്. ഇതിനെയൊക്കെ മറയിടാൻ വർഗീയ ധ്രുവീകരണം വളർത്തുന്നുവെന്നും സംഘടനകൾ വിമർശനം ഉന്നയിക്കുന്നുണ്ട്. കർഷക സമരം അവസാനിക്കുമ്പോൾ മോദി സർക്കാർ കർഷകർക്ക് രേഖാ മൂലം നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായി മോദിസർക്കാർ നടത്തുന്ന കടന്നാക്രമണത്തിലും പ്രതിഷേധിച്ചാണ് റാലി.