തിരുവനന്തപുരം: ശ്രീരാമന്റെ ജന്മദിനത്തിൽ ഭക്തിപുരസ്സരം വ്രതമെടുത്ത്, രാമനാമം ജപിച്ച് മോക്ഷ പ്രാപ്തി നേടാമെന്ന് ഹിന്ദുമത വിശ്വാസികളുടെ സങ്കല്പം. എന്നാൽ ആ ദിവസവും അന്യമതസ്ഥരുടെ ചോരവീഴ്ത്താനുള്ള അവസരമാക്കുകയാണ് സംഘപരിവാർ. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം രാമനവമി നാളിലെ ന്യൂനപക്ഷ വേട്ട അതിരൂക്ഷമായിരിക്കുകയാണ്. ഇത്തവണയും സംഘപരിവാർ പതിവു തെറ്റിച്ചില്ല.
രാജ്യത്താകെ രാമനവമി ഘോഷയാത്രയിൽ വഴിയിലുടനീളം നിഷ്ഠൂരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടു. ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരെ കൊലപ്പെടുത്തിയും അതിക്രൂരമായി മർദ്ദിച്ചും അവരുടെ സ്വത്തുവകകൾ നശിപ്പിച്ചുമാണ് ഘോഷയാത്രകൾ ഭീതി വിതയ്ക്കുന്നത്. ഓരോ ആഘോഷവും വർഗീയ ധ്രുവീകരണത്തിനും അതു വഴി വോട്ട് ബാങ്കുകളുടെ വിപുലികരണത്തിനുമുള്ള ഉപാധിയാക്കുകയാണ് സംഘപരിവാർ.
രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ സംഘർഷങ്ങളുണ്ടായി. മഹാരാഷ്ട്രയിലും ബംഗാളിലും ഒരാൾ വീതം കൊല്ലപ്പെട്ടു. തെലങ്കാനയിൽ ബിജെപി എംഎൽഎ രാജ സിങ്ങ് ന്യൂനപക്ഷങ്ങൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു. ഇയാൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
ഡൽഹിയിൽ കഴിഞ്ഞ വർഷം വർഗീയ സംഘർഷമുണ്ടായ ജഹാംഗിർപുരിയിലും വിലക്ക് മറികടന്ന് ഘോഷയാത്ര നടത്തി. പല സംസ്ഥാനത്തും ഘോഷയാത്രകൾ പോയ വഴികളിലുള്ള മുസ്ലിംപള്ളികളിൽ അതിക്രമിച്ച് കയറി അക്രമികൾ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. കാവിക്കൊടി വീശി. കർണാടകത്തിൽ ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്ത് മുസ്ലിം പള്ളിക്ക് സമീപം ബജ്റംഗദൾ അക്രമികൾ സംഘർഷം സൃഷ്ടിച്ചു. ഘോഷയാത്ര കടന്നുപോകുന്ന ഘട്ടത്തിലായിരുന്നു ആക്രമണം. നാലുപേർക്ക് കുത്തേറ്റു.
‘മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക് പോകൂ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. ബംഗാളിൽ ഹൗറ, ഖരഗ്പുർ, ബാരക്പുർ, ഭദ്രേശ്വർ, സിലിഗുരി, അസൻസോൾ തുടങ്ങി വിവിധ മേഖലകളിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ഘോഷയാത്ര നടത്തി. ഹൗറയിലെ ഷിബ്പുർ, കാസിപ്പാര മേഖലയിൽ അക്രമം അഴിച്ചുവിട്ടു. ദൽഖോലയിൽ ഒരാളെ കൊലപ്പെടുത്തി. ഗുജറാത്ത് വഡോദരയിലെ ഫത്തേപ്പുരയിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയിൽ അക്രമമുണ്ടായി. ഒട്ടേറെ വാഹനങ്ങൾ തകർത്തു.
യുപിയിൽ ഘോഷയാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മഥുര ജമാൽ മസ്ജിദിൽ കയറി കാവിക്കൊടി വീശി. ലഖ്നൗവിൽ പള്ളിക്ക് സമീപം ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. മഹാരാഷ്ട്രയിൽ ജൽഗാവ്, സംഭാജിനഗർ ( ഔറംഗബാദ്)മേഖലയിൽ സംഘർഷമുണ്ടായി. സംഭാജിനഗറിലെ കിരാദ്പുരയിൽ ഘോഷയാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
പൊലീസ് വാഹനങ്ങൾ അടക്കം 16 വാഹനങ്ങൾ കത്തിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ജൽഗാവിലെ പാൽധിയിൽ മുസ്ലിംപള്ളിക്ക് മുന്നിൽ അക്രമമുണ്ടായി. ബിഹാർ നളന്ദ ജില്ലയിൽ നടന്ന അക്രമത്തിൽ ഇരുവിഭാഗങ്ങളിലെയും ഇരുപതോളം പേർക്ക് പരിക്കേറ്റു. ബിഹാർ ഷരീഫിലും സൻസാരം പ്രദേശത്തും വലിയ സംഘർഷമുണ്ടായി. ജാർഖണ്ഡ് ജംഷഡ്പുരിലെ ഹൽദിപോഖർ പ്രദേശത്ത് കല്ലേറും അക്രമവുമുണ്ടായി. വാഹനങ്ങൾ കത്തിച്ചു.
തെലങ്കാനയിൽ ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തായിരുന്നു അക്രമം. ബിജെപി എംഎൽഎ രാജാസിങ്ങിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ദൈവങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ ശത്രുത വളർത്തി അരാജകത്വം സൃഷ്ടിക്കുകയാണ് സംഘപരിവാർ. രാമനവമിയിൽ എട്ട് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് ഇത്തവണ വർഗീയ സംഘർഷങ്ങളും കലാപങ്ങളുമുണ്ടായത്.
വർഗീയ കലാപങ്ങളിലൂടെ മത-സാമുദായിക ധ്രുവീകരണമാണ് സംഘപരിവാർ ലക്ഷ്യം.
മോദി സർക്കാർ അധികാരമേറ്റശേഷം ഇത്തരത്തിലുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ശ്രീരാമൻ്റെ പേരിലാണ് ബാബ്റി മസ്ജിദ് തകർത്ത് ക്ഷേത്രം നിർമിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്നാണ് സംഘ പരിവാർ പ്രഖ്യാപനം. ശ്രീരാമനെ മുൻനിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പ് സംഘപരിവാർ തുടരുകയാണ്.
വർഗീയ കലാപങ്ങളുടെ വ്യാപ്തിയും വർധിക്കുകയാണ്. വർഗീയ സംഘർഷങ്ങൾ ഇതുവരെയും നടക്കാത്ത സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അത് വ്യാപിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമായാണ് രാമനവമി ആഘോഷങ്ങളെ സംഘപരിവാർ ഉപയോഗിക്കുന്നത്. ഭൂരിപക്ഷമതക്കാരുടെ വോട്ട് പെട്ടിയിലാക്കാൻ ഏറ്റവും നല്ല മാർഗം വർഗീയധ്രുവീകരണമാണെന്ന് മനസ്സിലാക്കിയ ബിജെപി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന് ഭരണമുള്ള സംസ്ഥാനങ്ങളിലുമാണ് സംഘർഷമുണ്ടാക്കാൻ പ്രധാനമായും ശ്രമിച്ചത്.