ന്യൂഡൽഹി: രാജ്യത്തെ കടത്തിൽ മുക്കി കേന്ദ്ര സർക്കാർ. 2017-18ൽ 82.9 ലക്ഷം കോടി രൂപയായിരുന്ന കടം 2022-23 ൽ 155.8 ലക്ഷം കോടി രൂപയായി ഉയർന്നു. ഡോ വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ധനകാര്യമന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ. 2017-18ൽ മൊത്തം ജിഡിപിയുടെ 48.5 % ആയിരുന്ന കടം , 2022-23 ൽ ജിഡിപിയുടെ 57.3 % ആയി ഉയർന്നു. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും 7 ലക്ഷം കോടി വിദേശ കടവുമാണ്.
2021-22 ൽ 138 .9 ലക്ഷം കോടി ആയിരുന്ന കേന്ദ്ര കടം , ഒരു വർഷം കൊണ്ട് 16 .9 ലക്ഷം കോടി വർധിച്ചാണ് 155.8 ലക്ഷം കോടിയിലെത്തിയത്. 2018-19ൽ കടം 92.5 ലക്ഷം കോടിയായിരുന്നു. മൊത്തം ജിഡിപിയുടെ 49%. 2019-20 ൽ കടം 105.2 കോടി ആയി ദേശീയ ജിഡിപി യുടെ 52.4 % ആയിട്ടാണ് കടം ഉയർന്നത്. 2020-21ൽ കടം 122.1 ലക്ഷം കോടി ആയി . മൊത്തം ജിഡിപിയുടെ 61.6%. 2021-22 ൽ കടം 138.9 ലക്ഷം കോടിയും ജിഡിപിയുടെ 58.7 ശതമാനവും ആയി.
വിദേശ -ആഭ്യന്തര കടങ്ങളുടെ കണക്ക് പരിശോധിച്ചാൽ രണ്ടും ഇരട്ടിയോളമായി വർധിച്ചെന്നു കാണാം. കടത്തിന് പലിശ കൊടുക്കാനും വൻ തുക മാറ്റിവെക്കേണ്ടി വരുന്നുണ്ട്. 2022-23 ൽ കടത്തിൻ്റെ പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്. മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ 27 ലക്ഷം കോടിയും കടമാണ്. അതിൽ നിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ മാത്രം നീക്കി വെക്കേണ്ടി വരുന്നത്. 2017-18 ൽ 5.3 ലക്ഷം കോടി രൂപ ആണ് പലിശയിനത്തിൽ കൊടുക്കേണ്ടിയിരുന്നത്.
കോവിഡ് മൂലം 2020-21 ൽ കടം കൂടിയെന്നാണ് ബിജെപി സർക്കാരിൻ്റെ ന്യായീകരണം. എന്നാൽ കോവിഡിന് മുമ്പു തന്നെ കടം ഉയർന്നു തുടങ്ങി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളെ കടത്തിൻ്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിൻ്റെ കടം കുതിച്ചുയരുകയാണെന്ന് കാണാം. കേരളത്തിൻ്റെ കടം സംസ്ഥാന ജിഡിപിയുടെ 39 % മാത്രമാണ്. കേന്ദ്രത്തിൽ ജിഡിപിയുടെ 57.3 ശതമാനവും കടമാണ് . ജിഡിപിയുടെ 39 % വരുന്ന കേരളത്തിൻ്റെ കടം വലിയ അപകടം എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മറ്റും കേന്ദ്രത്തിൻ്റെ ഭീമമായ കടത്തെപ്പറ്റി മിണ്ടാറില്ല.
4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സഞ്ചരിക്കാൻ വിമാനം വാങ്ങി എന്ന പത്ര റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി, അതിന് ചിലവായ തുക എത്രയാണ് എന്ന് രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ “ഒരു വിവരവും വെളിപ്പെടുത്താൻ ആവില്ല” എന്ന ഒറ്റ വരി മറുപടിയാണ് പ്രതിരോധ മന്ത്രാലയം നൽകിയതെന്ന് ഡോ. വി ശിവദാസൻ എം പി പറഞ്ഞു.
സബ്‌സിഡികൾ വെട്ടികുറയ്‌ക്കുകയും കോർപറേറ്റ് കുടുംബങ്ങൾക്ക് ഇളവുകൾ കൊടുക്കുകയും ചെയ്യുന്ന ബിജെപി സർക്കാർ, സ്വന്തമായി കടം വാങ്ങിക്കൂട്ടുമ്പോഴും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും വി ശിവദാസൻ എംപി പറഞ്ഞു.