ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. സോണിയ ഗാന്ധിയും പങ്കെടുത്തു. രാഹുൽ ഗാന്ധിയെ അപമാനിക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
പാർലമെൻ്റിൽ പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുമ്പോഴേക്ക് സഭ പിരിച്ചു വിടുകയാണെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പാർലമെന്റിൽ നടക്കുന്നത് അസാധരണ നടപടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനെ പുറത്താക്കാൻ അതിവേഗത കാണിച്ച കേന്ദ്ര സർക്കാരിന് അദാനിയുടെ കാര്യത്തിൽ ഒച്ചിൻ്റെ വേഗമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി പറഞ്ഞു.