തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. അദാനി ഓഹരി തട്ടിപ്പ് വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതിലും മോദി സർക്കാരിനെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ചു സമാധാനപരമായി പ്രകടനം നടത്തിയതിൻ്റെ പേരിലാണ് സിപിഎംപിമാരായ ഡോ. വി. ശിവദാസൻ, എ. എ. റഹിം, എ. എം. ആരിഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
പാർലമെന്റിൽ ബിജെപി സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം, ചർച്ചകൾക്ക്പോലും അനുമതി നൽകാതെ ഭരണകക്ഷി തന്നെ സഭ തടസപ്പെടുത്തുന്ന നടപടി, ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ, മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസ്, മോദി സർക്കാരിനെതിരെ പോസ്റ്റർ പതിച്ചതിൻ്റെ പേരിൽ ഡൽഹി പോലീസ് നടത്തിയ അറസ്റ്റുകൾ എന്നിവയുൾപ്പെടെ ബിജെപി നടത്തുന്ന ജനവിരുദ്ധ നീക്കങ്ങളിൽ രാജ്യത്തെ ജനങ്ങൾക്കുള്ള ശക്തമായ പ്രതിഷേധമാണ് എംപിമാരുടെ മാർച്ചിൽ പ്രതിഫലിച്ചത്.
ജനപ്രതിനിധികളെപ്പോലും നിശബ്ദരാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ നിലപാട് രാജ്യത്തിൻ്റെ മുന്നോട്ടുള്ള പോക്കിന് ഒട്ടും ഗുണകരമല്ല. ജനങ്ങളെ മറന്നുള്ള കേന്ദ്രസർക്കാർ ഭരണത്തിനെതിരെ രാജ്യമെമ്പാടും ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉരുക്കുമുഷ്ടി കൊണ്ട് ഇത്തരം സമരങ്ങളെ അടിച്ചമർത്താമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണ്. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ കക്ഷികൾ നടത്തുന്ന ഐക്യ സമരങ്ങൾക്ക് കൂടുതൽ ഊർജം പകരാനേ ഈ അറസ്റ്റ് വഴിവെക്കൂ. ഇത്തരം കിരാത നടപടികളിൽ നിന്നും കേന്ദ്രം പിന്മാറണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.