ന്യൂ ഡൽഹി: പശുസംരക്ഷണത്തിന് മദ്യ വിൽപനക്ക് സെസ് ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ എല്ലാ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾക്കും മൂന്ന് രൂപയാണ് സെസ് ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിൻ്റെ എക്സൈസ് നയം പുനഃപരിശോധിക്കാൻ തീരുമാനമായത്.
മൂന്ന് രൂപ സെസ് ഏർപ്പെടുത്തിയതിന് പുറമെ, മദ്യവില കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഇതുവഴി മദ്യത്തിന് ബ്രാൻഡ് അനുസരിച്ച് കുപ്പി ഒന്നിന് 100 രൂപ മുതൽ 300 രൂപ വരെ വില കുറയും. വിദേശമദ്യം വിൽക്കുന്ന ലൈസൻസുള്ളവർക്ക് 10ശതമാനം ഫീസ് അടച്ച് വീണ്ടും പ്രവർത്തിപ്പിക്കാമെന്നും നാടൻ മദ്യവിൽപ്പനശാലകളുള്ള ലൈസൻസുള്ളവർക്ക് 15% അധിക ഫീസ് അടച്ച് കച്ചവടം തുടരാമെന്നും സംസ്ഥാന എക്സൈസ് സെക്രട്ടറിയും കമ്മീഷണറുമായ ഹരിചന്ദ്ര സെംവാൽ പറഞ്ഞു. ഈ വർഷം മദ്യശാലകളിൽ നിന്നുള്ള ഉത്തരാഖണ്ഡ് സർക്കാരിൻ്റെ വരുമാനം 4000 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം 3600 കോടിയായിരുന്നു ലക്ഷ്യം.
നേരത്തെ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ പശു സെസ് ഏർപ്പെടുത്തിയിരുന്നു. ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പശു സെസ്സായി പത്തുരൂപ ഈടാക്കുന്നതിലൂടെ പ്രതിവർഷം നൂറ് കോടി രൂപ സമാഹരിക്കാനാണ് കോൺഗ്രസ് സർക്കാരിൻ്റെ ലക്ഷ്യം. 2023-24 വർഷത്തെ ബജറ്റ് അവതരണവേളയിലാണ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് പശു സെസ് പ്രഖ്യാപിച്ചത്.
പശു തന്നെ ഹിമാചൽ സർക്കാരിനും പ്രിയം; ബജറ്റിൽ പശുക്കൾക്കായി മദ്യ സെസ്