ന്യൂഡൽഹി: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലെ 23,000 തസ്തികകൾ കുറഞ്ഞു. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ വൻ തോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു എന്ന പരാതി ശരി വെക്കുന്നതാണ് സ്റ്റീൽ മന്ത്രാലയം നൽകിയ കണക്കുകൾ. 2017 ൽ 82,964 പേരാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ(സെയിൽ) ജീവനക്കാരായി ഉണ്ടായിരുന്നത്. എന്നാൽ 2023 ൽ ഇത് 59,602 ആയി കുറഞ്ഞു. 23,362 പേരുടെ കുറവാണു വന്നത്.
സെയിലിൻ്റെ എല്ലാ വിഭാഗങ്ങളിലും ഈ കുറവ് ദൃശ്യമാണ്. എക്സിക്യൂട്ടീവ് വിഭാഗത്തിൽ 12,840 പേരുണ്ടായിരുന്നത് 9979 ആയി കുറഞ്ഞു. നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ 70,124 പേരിൽ നിന്ന് 49,623 ആയി. എന്നാൽ കമ്പനിയിൽ നിലവിലുള്ള ഒഴിവുകളുടെ എണ്ണം1549 മാത്രമാണെന്നാണ് മന്ത്രാലയം നൽകിയ കണക്കുകൾ. ഇതിനർത്ഥം വൻതോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു എന്നതാണ്. ഡോ വി ശിവദാസൻ എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സ്റ്റീൽ മന്ത്രാലയം നൽകിയ മറുപടിയിലാണ് വിവരങ്ങൾ.
പ്രതിവർഷം രണ്ടരക്കോടി തൊഴിൽ എന്നും ഒന്നര വര്ഷം കൊണ്ട് 10 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ എന്നും മറ്റുമുള്ള നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരം ആണിത് കാണിക്കുന്നത്. സർക്കാർ മേഖലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ പോലും തൊഴിലുകളുടെ എണ്ണം കുറയ്ക്കുകയാണ്. മോദി സർക്കാർ തൊഴിൽ നശീകരണ സർക്കാരായി മാറിയെന്ന് വി ശിവദാസൻ എംപി അഭിപ്രായപ്പെട്ടു.