മുംബൈ: മഹാരാഷ്ട്രയിലെ കർഷകരുടെ പ്രതിഷേധ സമരം വൻ വിജയം. നാസിക്കിൽ നിന്നും മുംബൈയിലേക്ക് ആരംഭിച്ച ലോങ് മാർച്ച് ഏഴാം ദിവസത്തിലേയ്ക്ക് കടന്നപ്പോഴാണ് കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതായി മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കിയത്.
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് താനെ ജില്ലയിൽ പ്രവേശിച്ചപ്പോൾ തന്നെ കിസാൻ സഭ മുന്നോട്ടുവച്ച 14 ആവശ്യങ്ങളും അംഗീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ സമ്മതിച്ചിരുന്നു. സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ജാഥ നിർത്തിവച്ച് കർഷകർ താനെ ജില്ലയിലെ വാസിന്ത് കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുകയായിരുന്നു.
ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷകർ ശനിയാഴ്ച തന്നെ സ്വദേശത്തേക്ക് മടങ്ങും. സമരം പിൻവലിച്ചതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം എൽ എയുമായ ജെ പി ഗാവിത് ആണ് അറിയിച്ചത്. ലോങ് മാർച്ചുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. ലോങ് മാർച്ചിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.