ന്യൂ ഡൽഹി: ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബിജെപി ബോധപൂർവം പാർലമെന്റ് സ്തംഭിപ്പിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും തിങ്കളാഴ്ച മുതൽ കാണുന്ന ദൃശ്യമിതാണ്. ഭരണകക്ഷി തന്നെ സഭാ നടപടികൾ തടസപ്പെടുത്തുന്നത് അസാധാരണമായ നടപടിയാണ്.
ഹിൻഡൻബർഗ് വെളിപ്പെടുത്തിയ അദാനിയുടെ സാമ്പത്തിക വെട്ടിപ്പുകൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണർമാരുടെ ഇടപെടലുകൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. തൃണമൂൽ കൊൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.
പ്രതിപക്ഷ കക്ഷികൾ യോജിച്ച് പ്രശ്നങ്ങൾ പാർലിമെന്റിൽ ഉയർത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നു. അദാനിയുടെ കമ്പനികൾ നടത്തിയ സാമ്പത്തിക വെട്ടിപ്പും, എൽഐസി, എസ്ബിഐ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണം നഷ്ടമായതുമെല്ലാം മോഡി സർക്കാരിൻ്റെ ഒത്താശയോടെയാണെന്ന സത്യം ചർച്ചചെയ്യപ്പെടുന്നത് തടയുകയാണ് ബിജെപി.
സിബിഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും ശ്വാസം മുട്ടിക്കുകയാണ്. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ ഭരിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഗവർണർമാർ സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഈ കാര്യങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യപ്പെടുന്നത് ഒഴിവാക്കലാണ് ബിജെപിയുടെ ലക്ഷ്യം.
അദാനി നടത്തിയ വെട്ടിപ്പ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംപിമാർ ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. രാജ്യം മുഴുവൻ ഓടിനടന്ന് അന്വേഷണം നടത്തുന്ന ഇഡിയോ സെബിയോ അദാനിയുടെ വെട്ടിപ്പുകൾ കണ്ട ഭാവം നടിക്കുന്നില്ല. ഈ പ്രശ്നം സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീം കോടതി നേതൃത്വത്തിലോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വ്യാഴാഴ്ച പാർലമെന്റ് മന്ദിരത്തിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്തു. വരും നാളുകളിലും യോജിച്ച പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.