ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിപക്ഷ എംപിമാർ. അദാനി വിഷയത്തിൽ പ്രധാനമന്ത്രി മോദി മൗനം വെടിയണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ കൈകോർത്തത്. അദാനി അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഇഡി ഓഫീസിലേക്ക് പ്രതിപക്ഷ പാർട്ടി എംപിമാർ മാർച്ച് നടത്തിയിരുന്നു. എന്നാൽ, 100 കണക്കിന് പോലീസുകാരെ ഇറക്കി ബാരിക്കേഡുകൾ നിരത്തി മാർച്ച് തടഞ്ഞു.
സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാർച്ചുമായി മുന്നോട്ടുനീങ്ങിയാൽ കസ്റ്റഡിയിൽ എടുക്കുമെന്നുമായിരുന്നു ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത്. ശബ്ദം ഉയരുമ്പോൾ അടിച്ചമർത്തുന്ന മോദി നയം വിലപ്പോവില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ തന്നെ മനുഷ്യ ചങ്ങല തീർത്തത്.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെയും കൂട്ടാളികളുടേതുമായി മൗറീഷ്യസിൽ മാത്രം 38 വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. സൈപ്രസ്, യുഎഇ, സിംഗപ്പുർ എന്നിവിടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ ലക്ഷ്യമിട്ട് വ്യാജകമ്പനികളുമുണ്ട്. പല സർക്കാർ പദ്ധതികളും അദാനിക്ക് കിട്ടുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതും പുറത്തായിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം അന്വേഷണം വേണമെന്നാണ് എംപിമാർ ഉയർത്തുന്ന ആവശ്യം.