തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചും കറുപ്പ് വസ്ത്ര വിരോധി എന്ന് മുദ്രകുത്തിയും കോൺഗ്രസും ബിജെപിയും നടത്തുന്ന അക്രമ സമരത്തിന് കുടപിടിക്കുന്ന മാധ്യമങ്ങൾ ഒന്നു മാത്രം കണ്ടില്ല. മോദിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയ കുട്ടിയുടെ കറുപ്പ് വസ്ത്രം അഴിപ്പിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി മാധ്യമ ന്യായീകരണം. കർണാടക മാണ്ഡ്യയിൽ ഞായറാഴ്ച നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മോദി. റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത വസ്ത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ അഴിപ്പിച്ചത്.
വസ്ത്രം അഴിപ്പിച്ചത് കൂടാതെ, മെറ്റൽ ഡിക്റ്റക്ടർ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് അമ്മയേയും കുട്ടിയേയും റാലിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അമ്മ വീണ്ടും കുട്ടിയെ ഉടുപ്പ് ധരിപ്പിച്ചെങ്കില്ലും പൊലീസ് ഒരു കരുണയും കാണിക്കാതെ ഉടുപ്പൂരിക്കുക തന്നെ ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചടങ്ങുകളിൽ കറുപ്പ് വസ്ത്രവും കറുപ്പ് മാസ്കും വിലക്കിയെന്ന് മാധ്യമങ്ങൾ കള്ള പ്രചാരവേല അഴിച്ചു വിട്ടു.
അതേറ്റുപിടിച്ച് കോൺഗ്രസും ബി ജെ പിയും നാടാകെ കലാപത്തിനിറങ്ങി. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചടങ്ങുകളിൽ കറുപ്പ് വസ്ത്രം ധരിച്ചവർ പങ്കെടുക്കുമ്പോഴായിരുന്നു മാധ്യമ നിലവിളികൾ. കറുപ്പ് ധരിച്ച ആരെയും കേരളത്തിൽ തടഞ്ഞില്ല. പരിപാടികളിൽ നിന്ന് ഇറക്കി വിട്ടില്ല.. എന്നിട്ടും ഇവിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കറുപ്പ് നിറത്തോട് ഭയമെന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിളിച്ചു കൂവി.
മോദിയെ കാണാനെത്തിയ കുട്ടിയെ വസ്ത്രം ധരിപ്പിക്കാൻ പോലും സമ്മതിക്കാതിരുന്നിട്ടും മാധ്യമങ്ങൾക്കത് സുരക്ഷാ കാരണങ്ങൾ മാത്രമാണ്. മോദിയുടെ പരിപാടിയിൽ ഉടനീളം കുട്ടി അൽപ്പവസ്ത്രധാരിയായാണ് ഇരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കാണാനും കേൾക്കാനും കേരളത്തിലെ മുൻനിര മാധ്യമങ്ങൾക്കായില്ല. മോദി -ബിജെപി സ്തുതി പാടൽ മാധ്യമ പ്രവർത്തനത്തിന്റെ മറ്റൊരു മുഖമാണ് ബംഗളുരുവിൽ കണ്ടത്.