54-ാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായി ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി ഭാരത് രാഷ്ട്ര സമിതി. മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് എത്തുന്നവരെ വെളുപ്പിക്കലാണ് നടക്കുന്നതെന്ന് ബിആർഎസ് ആരോപിക്കുന്നു. ‘വാഷിംഗ് പൗഡർ നിർമ്മ’ എന്ന പഴയകാല പരസ്യത്തിൻ്റെ ബോർഡുകൾ സ്ഥാപിച്ചാണ് നഗരത്തിൽ വെൽക്കം ബോർഡുകൾ സ്ഥാപിച്ചത്.
പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഹിമന്ത ബിശ്വ ശർമ്മ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, ഈശ്വരപ്പ തുടങ്ങിയ നേതാക്കളുടെ മുഖംവെച്ച് നിർമ്മ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം ഉൾപ്പെടുത്തിയാണ് പരിഹസിച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർസി എംഎൽസി കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് ഇത്തരത്തിലൊരു സ്വീകരണം ഒരുക്കിയതെന്നത് ശ്രദ്ധേയമാണ്. കെസിആറിൻ്റെ മകളെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിആർഎസും ബിജെപിയും പരസ്പര പോരിലാണ്.