ദില്ലി: സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുളളവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും കുടുംബവുമായി താരതമ്യം ചെയ്യാനാകില്ലെന്നും സ്വവർഗ വിവാഹത്തിന് അംഗീകാരം തേടിയുളള ഹർജിയെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. രാജ്യത്ത് സ്വവർഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.