ന്യൂഡൽഹി: ഹിന്ദുരാഷ്ട്രം നടപ്പിലാക്കുക എന്നതാണ് സംഘപരിവാറിൻ്റെ പ്രധാന അജണ്ട. അതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നതും. ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും പൗരത്വ ഭേദഗതി നിയമവും, ക്രൈസ്തവ വേട്ടയും, ഗോ സംരക്ഷണത്തിൻ്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളും ഹിന്ദു രാഷ്ട്ര നിർമ്മാണത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഉദാഹരണങ്ങളാണ്. ഇപ്പോൾ ഒടുവിലായി എത്തിയിരിക്കുന്ന ‘ഗർഭ സംസ്കാർ’ എന്ന പുതിയ പരിശീലന പരിപാടി.
ഗർഭസ്ഥ ശിശുവിനെ ഗീതയും രാമായണവും പഠിപ്പിക്കാൻ ഗർഭിണികൾക്ക് ക്ലാസ് നൽകുകയാണ് ഗർഭ സംസ്കാറിലൂടെ. ഗീതാ പാരായണം, രാമായണപാരായണം എന്നിവയ്ക്കൊപ്പം യോഗപരിശീലനവും ഉൾപ്പെടുന്നു. ഗർഭാവസ്ഥയിൽത്തന്നെ ശിശുക്കൾക്ക് സംസ്കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാനാണ് ആർ.എസ്.എസ്സിൻ്റെ വനിതാഘടകമായ സംവർധിനി ന്യാസ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംവർധിനി ന്യാസിൻ്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ ട്രെയിനർമാർ എന്നിവർ ഉൾപ്പെടുന്ന സംഘം രൂപവത്കരിച്ചാണ് ഗർഭ സംസ്കാർ സംഘപരിവാർ നടപ്പിലാക്കുന്നത്. ഗർഭാവസ്ഥ മുതൽ ആരംഭിക്കുന്ന പരിശീലനപരിപാടി കുട്ടികൾക്ക് രണ്ട് വയസ് പ്രായമാകുന്നതുവരെ തുടരും. ഗീതാശ്ലോകങ്ങൾ, രാമായണത്തിലെ കാവ്യങ്ങൾ എന്നിവയുടെ പരായണത്തിന് പ്രാധാന്യം നൽകിയായിരിക്കും പരിശീലനമെന്നും ഗർഭസ്ഥശിശുവിന് 500 വാക്കുകൾ വരെ ഹൃദിസ്ഥമാക്കാൻ സാധിക്കുമെന്നും മാധുരി മറാത്തെ അവകാശപ്പെട്ടു.