ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമിക്കപ്പെട്ടുവെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനം നടത്തിയെന്നതിൻ്റെ പേരിലാണ് അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തത്. തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബർ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്.
ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് തമിഴ്നാട്ടിൽ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് അണ്ണമാലൈ തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും അദ്ദേഹം പേരെടുത്തു പരാമർശിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന തരത്തിൽ വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശിലെ ബിജെപി നേതാവടക്കം നാലുപേർക്കെതിരെയും തമിഴ്നാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലു പേർക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പോലീസ് രജിസ്റ്റർ ചെയ്തത്. ദൈനിക് ഭാസ്കർ എഡിറ്റർ, മാധ്യമപ്രവർത്തകനായ മുഹമ്മദ് തൻവീർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.