ദില്ലി: തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കമീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സുപ്രധാന വിധിയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു, അരുൺ ഗോയലിൻ്റെ നിയമനം സംബന്ധിച്ചും കോടതി പരാമർശിച്ചിട്ടുണ്ട്, വിധി കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിൻ്റെ സുപ്രധാന വിധി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.