ന്യൂഡൽഹി: വർഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത വാർത്താ ചാനൽ ന്യൂസ് 18ന് 75,000 രൂപ പിഴ ചുമത്തി. ചാനലിന് 50,000 രൂപയും അവതാരകൻ അമൻ ചോപ്ര അവതരിപ്പിച്ച മറ്റ് നാല് ഷോകളുടെ സംപ്രേക്ഷണത്തിന് 25,000 രൂപയുമാണ് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി(എൻബിഡിഎസ്എ) പിഴ ചുമത്തിയത്. മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപ പരാമർശം നടത്തിയെന്ന പ്രേക്ഷക പരാതികൾ കണക്കിലെടുത്താണ് എൻബിഡിഎസ്എയുടെ നടപടി.
കഴിഞ്ഞ വർഷം ജനുവരി 18 ന് സംപ്രേഷണം ചെയ്ത പരിപാടിയിലായിരുന്നു കടുത്ത വർഗീയ പ്രചാരണം. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള യുദ്ധമാണെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം ഏറ്റെടുത്ത് ഭൂരിപക്ഷമായ ഹിന്ദുക്കളോട് ന്യൂനപക്ഷത്തിന് വെറുപ്പാണെന്നായിരുന്നു അമൻ ചോപ്ര പറഞ്ഞത്. യൂട്യൂബിൽ നിന്നും വെബ്സ്റ്റൈറ്റിൽ നിന്നും വാർത്ത നീക്കം ചെയ്യണമെന്നും എൻബിഡിഎസ്എ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമേ മാർച്ച് 6 ന് രാവിലെ 8 നും മാർച്ച് 7 ന് രാവിലെ 8 നും ഇടയിൽ ഓരോ മണിക്കൂറിലും ഷോ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ടിക്കറിൽ പ്രദർശിപ്പിക്കണമെന്നും അതോറിറ്റി ന്യൂസ് 18 നോട് നിർദേശിച്ചു. ഒക്ടോബർ നാല്, ജൂലൈ 28, ആഗസ്റ്റ് അഞ്ച് ദിവങ്ങളിൽ ചോപ്ര തന്നെ നയിച്ച ചർച്ചകൾക്കെതിരെയാണ് മറ്റ് മൂന്ന് കേസുകൾ.